ലോകകപ്പില്‍ ഇന്ത്യ ‘ഭാരത്’ എന്ന പേരില്‍ കളത്തിലറങ്ങണമെന്ന തന്റെ പ്രസ്താവ ചിലര്‍ രാഷ്ട്രീയമായി എടുത്തുവെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്.
താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെയും ആരാധകനല്ലെന്നും രണ്ട് ദേശീയ പാര്‍ട്ടികളിലും നല്ലവരും കഴിവുകെട്ടവരുമുണ്ടെന്നു എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സേവാഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.
‘നമ്മുടെ രാഷ്ട്രത്തെ ഭാരതം എന്ന് അഭിസംബോധന ചെയ്യണമെന്ന എന്റെ ആഗ്രഹം ഒരു രാഷ്ട്രീയ കാര്യമായി ആളുകള്‍ കരുതുന്നത് രസകരമാണ്. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെയും ആരാധകനല്ല. രണ്ട് ദേശീയ പാര്‍ട്ടികളിലും നല്ലവരുണ്ട്, രണ്ട് പാര്‍ട്ടികളിലും കഴിവുകെട്ടവരും ധാരാളമുണ്ട്.
രാഷ്ട്രീയ അഭിലാഷങ്ങളൊന്നും എനിക്കില്ലെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പിച്ചുപറയുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ട്ടികളില്‍ നിന്നും വന്ന ഓഫറുകള്‍ സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു.
ഏതെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് ലഭിക്കാന്‍ എന്റെ ഫീല്‍ഡ് നേട്ടങ്ങള്‍ മതിയായിരുന്നു. എന്നാല്‍ ഹൃദയം തുറന്ന് സംസാരിക്കുന്നത് രാഷ്ട്രീയ അഭിലാഷത്തില്‍ നിന്ന് വ്യത്യസ്തമാണ്. എന്റെ ഒരേയൊരു താല്‍പ്പര്യം ‘ഭാരത്’ ആണ്,’ സേവാഗ് പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന പേരിടാന്‍ പറ്റുമെന്നും, കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര എന്ന പേരില്‍ ഒരു യാത്ര നടത്തിയിരുന്നില്ലേയെന്നും സേവാഗ് ചോദിച്ചു.
‘ഐക്യ പ്രതിപക്ഷം തങ്ങളെ I.N.D.I.A എന്ന് വിളിച്ചത് പോലെ, അവര്‍ക്ക് സ്വയം B.H.A.R.A.T എന്നും വിളിക്കാന്‍ കഴിയും. അതിനായി ഉചിതമായ പൂര്‍ണരൂപങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയുന്ന നിരവധി കഴിവുള്ള ആളുകളുണ്ട്.
കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര എന്ന പേരില്‍ ഒരു യാത്ര നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പലര്‍ക്കും ‘ഭാരത്’ എന്ന വാക്കില്‍ അരക്ഷിതാവസ്ഥ തോന്നുന്നു. എന്റെ അഭിപ്രായത്തില്‍, സഖ്യത്തിന്റെ പേര് പരിഗണിക്കാതെ മോദിയും പ്രതിപക്ഷ നേതാക്കളുമായിരിക്കും തെരഞ്ഞെടുപ്പില്‍ നേരിടുക. മികച്ചവര്‍ വിജയിക്കട്ടെ. ‘ഭാരതം’ എന്ന പേരില്‍ നമ്മളെ ഒരു രാഷ്ട്രമായി അഭിസംബോധന ചെയ്താല്‍ അത് എനിക്ക് വലിയ സംതൃപ്തി നല്‍കും,’ സേവാഗ് പറഞ്ഞു.
അതേസമയം, ലോകകപ്പ് ജേഴ്സിയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്നായിരുന്നു ബി.സി.സി.ഐയോട് സേവാഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും ഭാരത് എന്ന പേര് ഔഗ്യോഗികമാക്കാന്‍ താന്‍ ഏറെ നാളായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സേവാഗ് പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ ഇന്ത്യയുടെ പേര് മാറ്റാന്‍ സാധ്യത കല്‍പിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സേവാഗിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
Content Highlight: Virender Sehwag says there is no political motive in ‘Bharat’ response