2011ല്‍ ഇന്ത്യന്‍ ടീം സച്ചിൻ ടെണ്ടുല്‍ക്കറിന് ലോകകപ്പ് നേടിക്കൊടുത്തത് പോലെ 2023ല്‍ വിരാട് കോഹ്‌ലിക്കായി കിരീടമുയര്‍ത്തണം എന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്.
കോഹ്‌ലി ടൂർണ്‍ണമെന്റില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നും ഇന്ത്യയിലെ പിച്ചുകളെക്കുറിച്ച് മനസിലാക്കി കളിക്കാന്‍ താരത്തിന് കഴിയുമെന്നും സെവാഗ് പറഞ്ഞു. 2023 ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഷെഡ്യൂള്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.
‘ഞങ്ങള്‍ 2011ലെ ലോകകപ്പ് കളിച്ചത് സച്ചിന് വേണ്ടിയാണ്. ഞങ്ങളത് നേടി. സച്ചിന് നല്ല രീതിയിലുള്ള ഒരു വിരമിക്കല്‍ നല്‍കാന്‍ സാധിച്ചു. വിരാട് കോഹ്ലിയും ഇപ്പോള്‍ ആ സ്‌റ്റേജിലാണ്. അവന്‍ ഈ സമയത്തും 100 ശതമാനത്തിലധികം ടീമിന് നല്‍കുന്ന കളിക്കാരനാണ്.
വിരാട് കോഹ്‌ലി ഈ ലോകകപ്പ് നേടുകയാണെങ്കില്‍, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 1,00,000 ആളുകള്‍ അതിന് സാക്ഷിയാകും.
ഇന്ത്യയിലെ പിച്ചുകളെക്കുറിച്ച് അവന് നന്നായി അറിയാം. അവന്‍ ഒരുപാട് റണ്‍സ് നേടുമെന്ന് എനിക്കുറപ്പുണ്ട്,’ സെവാഗ് പറഞ്ഞു.