ബോർഡർ-ഗവാസ്ക്കർ ട്രോഫി ടെസ്റ്റ് പരമ്പര 2-1ന് വിജയിച്ച ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടാൻ സാധിച്ചിട്ടുണ്ട്.
പരമ്പര വിജയിച്ച ഇന്ത്യൻ ടീം ഓസ്ട്രേലിയക്കെതിരെ തന്നെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും കളിക്കുക.
എന്നാൽ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ-ഓസീസ് ഏകദിന മത്സരത്തിനും തുടക്കമായിട്ടുണ്ട്.
എന്നാലിപ്പോൾ എകദിന ലോകകപ്പിന് മികച്ച തയ്യാറെടുപ്പായി ഇന്ത്യൻ ടീം വിലയിരുത്തുന്ന ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിരവധി യുവതാരങ്ങൾ പരിക്കിന്റെ പിടിയിലാണ്.
ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവർക്കാണ് ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ നിരയിൽ പരിക്കേറ്റത്.
പരിക്ക് ഭേദമാകാൻ ശസ്ത്രക്രിയ വേണ്ടി വന്ന ബുമ്രക്ക് അടുത്ത ആറ് മാസം വിശ്രമിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനാൽ താരത്തിന് ലോകകപ്പ് നഷ്ടപ്പെട്ടേക്കാം.
എന്നാൽ ഇന്ത്യൻ ടീം താരങ്ങൾക്ക് തുടർച്ചയായി പരിക്ക് പറ്റിയതിന് കാരണം ടീമിന്റെ കണ്ടീഷനിങ് പരിശീലകനായ ബസു ശങ്കർ കാരണമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സേവാഗ്.
രൺവീർ ഷോ എന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു ബസു ശങ്കറാണ് ബുംറ അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് പരിക്ക് പറ്റാൻ കാരണക്കാരനായതെന്ന് സേവാംഗ് അഭിപ്രായപ്പെട്ടത്.
“വെയ്റ്റ് ലിഫ്റ്റിങ്ങിന് ക്രിക്കറ്റിൽ ഒരു സ്ഥാനവുമില്ല. ഇപ്പോൾ താരങ്ങൾ പരിശീലനത്തിന്റെ ഭാഗമായി വലിയ ഭാരം എടുത്തുയർത്തുകയാണ്.
ഞങ്ങളുടെ കാലത്ത് ഗൗതം ഗംഭീർ, രാഹുൽ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ, ലക്ഷ്മൺ, ധോണി, യുവരാജ് തുടങ്ങിയ ഒരു താരങ്ങൾക്കും നടുവിന് പരിക്കില്ലായിരുന്നു,’ സേവാഗ് പറഞ്ഞു.
“ബസു ശങ്കർ എല്ലാ താരങ്ങൾക്കും ഒരേ രീതിയിലുള്ള പരിശീലനം നൽകുന്നു. അശ്വിനും വിരാടിനും എന്തിനാണ് ഒരേ തരം പരിശീലനം.ബുംറയുടെ പരിക്കിന് കാരണവും അയാളാണ്,’ സേവാഗ് കൂട്ടിച്ചേർത്തു.