ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടി-20 പരമ്പര കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ആതിഥേയര്‍ക്കെതിരെ 2-1 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയാണ് വൈറ്റ് ബോള് ഫോര്‍മാറ്റിലെ രണ്ടാം പരമ്പരയ്‌ക്കൊരുങ്ങുന്നത്.
ചൊവ്വാഴ്ച മുതലാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് സീരീസിലുള്ളത്.
പല താരങ്ങളും മൂന്നാം മത്സരത്തില്‍ പരാജയമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഓപ്പണര്‍മാരും ഹര്‍ദിക് പാണ്ഡ്യയടക്കമുള്ളവര്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.
സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയായിരുന്നു രണ്ട് മത്സരത്തിലും ആരാധകരെ നിരാശരാക്കിയത്. ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ പരമ്പരയില്‍ മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 6 പന്തില്‍ നിന്നും 11 റണ്‍സെടുത്താണ് പുറത്തായത്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ് പങ്കുവെച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ആരെയും പേരെടുത്ത് പറയാതെ എന്നാല്‍ പലരേയും ‘കൊള്ളിച്ച് പറയുന്നത്’ പോലെയായിരുന്നു താരത്തിന്റെ ട്വീറ്റ്.
ഫോമിലില്ലാത്ത എല്ലാ താരങ്ങളേയും ടീമില്‍ നിന്നും പുറത്താക്കണമെന്നും മികച്ച പ്രകടനം നടത്തുകയും അവസരം ലഭിക്കാതെ പുറത്തിരിക്കുന്ന യുവതാരങ്ങളെ പരിഗണിക്കണമെന്നുമാണ് താരം പറയുന്നത്.
‘തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഒരുപാട് ബാറ്റര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ അവരില്‍ പലരും അവസരം ലഭിക്കാതെ പുറത്തിരിക്കുകയാണ്.
അവരില്‍ ലഭ്യമായവരെ ടി-20 ടീമില്‍ കളിപ്പിക്കുന്നതിന് ഇന്ത്യ തീര്‍ച്ചയായും ഒരു വഴികണ്ടെത്തേണ്ടിയിരിക്കുന്നു,’ താരം ട്വീറ്റ് ചെയ്തു.
India has so many batsman who can get going from the start , some of them are unfortunately sitting out. Need to find a way to play the best available players in current form in T-20 cricket. #IndvEng
ഫോമിലുള്ള താരങ്ങളെ പുറത്തിരുത്തിയതിന്റെ പേരില്‍ ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ തകര്‍ന്നപ്പോള്‍ വെടിക്കെട്ട് പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയി.
ഒരുപക്ഷേ ഇന്‍ ഫോം ബാറ്റര്‍ ദീപക് ഹൂഡ ടീമില്‍ ഉണ്ടായിരുന്നുവെങ്കില്‍ മത്സരം ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു.