കൂച്ച് ബഹാര്‍ ട്രോഫിയില്‍ ദല്‍ഹിക്ക് വേണ്ടി കളിക്കുന്ന വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗിന് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായി. അണ്ടര്‍ 19ല്‍ മേഘാലയക്കെതിരെ 309 പന്തില്‍ നിന്ന് 297 റണ്‍സ് നേടിയാണ് യുവ താരം പുറത്തായത്.
സെവാഗിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവെച്ചത്. 51 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 96.12 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ആര്യവീര്‍ ബാറ്റ് വീശിയത്.
മത്സരത്തില്‍ മേഘാലയ നേടിയ 260 റണ്‍സ് മറികടക്കാനിറങ്ങിയ ദല്‍ഹി ആര്യവീറിന്റെ സഹായത്തോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സിലെത്തി. ട്രിപ്പിള്‍ സെഞ്ച്വറിക്ക് അടുത്തെത്തിയപ്പോള്‍ ആര്‍.എസ്. റാത്തോറാണ് താരത്തെ പുറത്താക്കിയത്.
ദല്‍ഹിക്ക് വേണ്ടി ധന്യ നക്ര 122 പന്തില്‍ 130 റണ്‍സ് നേടിയിരുന്നു. അടുത്തിടെ നടന്ന വിനു മങ്കാഡ് ട്രോഫിയിലും താരം ആര്യവീര്‍ സെവാഗ് 49 റണ്‍സ് നേടി ദല്‍ഹിയെ വിജയത്തിലെത്തിച്ച് കഴിവ് തെളിയിച്ചിരുന്നു.
ചെറുപ്പത്തില്‍ തന്നെ സെവാഗിന്റെ ആക്രമണ സ്വഭാവമുള്ള ബാറ്റിങ് രീതിയാണ് ആര്യവീറിനുള്ളത്. സെവാഗ് മുള്‍ട്ടാനില്‍ നേടിയ തന്റെ 319 റണ്‍സിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ റെക്കോഡ് മക്കളില്‍ ആര് മറികടന്നാലും ഒരു ഫെരാരി കാറ് വാങ്ങിക്കൊടുക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.
കൂച്ച് ബഹാറില്‍ ട്രിപ്പിള്‍ ടോണ്‍ നഷ്ടമായതോടെ ഫെരാരി നഷ്ടപ്പെട്ടതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും താരം പങ്കുവെച്ചിരുന്നു.