'അവൻ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ' പ്രശംസിച്ച് സെവാഗ്
Cricket
'അവൻ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ' പ്രശംസിച്ച് സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd September 2023, 8:47 am

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലെ സൂര്യകുമാർ യാദവിന്റെ മികച്ച ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്.

ഓസ്ട്രേലിയക്കെതിരെ സൂര്യകുമാർ യാദവ്‌ അർധസെഞ്ച്വറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മുൻ ഓപ്പണർ പ്രശംസനയുമായി രംഗത്തെത്തിയത്. സൂര്യകുമാർ യാദവ്‌ ഇന്ത്യൻ ടീമിന്റെ ഒരു എക്സ് ഫാക്ടർ ആണെന്നാണ് സെവാഗ് പറഞ്ഞത്.

‘സൂര്യകുമാർ ഇന്ത്യൻ ടീമിന്റെ ഒരു എക്സ് ഫാക്ടർ ആണ്. പല താരങ്ങൾക്കും അവന്റെ ശൈലിയിൽ കളിക്കാനുള്ള കഴിവില്ല. അവന് എതിരാളികളുടെ മനസ്സിൽ ഭയം സൃഷ്ടിക്കാൻ സാധിക്കും. ഞങ്ങൾ അവനോടൊപ്പം ഉറച്ചു നിന്നത് വളരെ വലിയ കാര്യമാണ്. അവൻ ഇന്ത്യക്ക് ഒരു മുതൽകൂട്ട് ആയിരിക്കും’, സെവാഗ് ട്വിറ്ററിൽ കുറിച്ചു.

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ 49 പന്തിൽ നിന്നും 50 റൺസാണ് സൂര്യകുമാർ നേടിയത്. അഞ്ച് ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റ ഈ അവിസ്മരണീയ ഇന്നിങ്‌സ്.

ഏഷ്യാ കപ്പ്‌ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്കൈക്ക് സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ താരത്തിന് ഫോം വീണ്ടെടുക്കാൻ സാധിച്ചത് ലോകകപ്പിൽ ഏറെ പ്രതീക്ഷകളാണ് ഇന്ത്യൻ ടീമിന് നൽകുന്നത്.

മൊഹാലിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിയുടെ അഞ്ച് വിക്കറ്റുകൾ നേടികൊണ്ട് മികച്ച പ്രകടനം നടത്തിയപ്പോൾ ഓസ്ട്രേലിയ 276 റൺസിന് പുറത്താവുകയായിരുന്നു.

ഓസ്ട്രേലിയൻ നിരയിൽ 53 പന്തിൽ 52 റൺസ് നേടി ഡേവിഡ് വാർണറും 45 പന്തിൽ 45 റൺസ് നേടി ജോഷ് ഇങ്കിൾസും 60 പന്തിൽ 41 റൺസ് നേടി സ്റ്റീവൻ സ്മിത്തും മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീം 48.4 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. യുവതാരങ്ങളായ ശുഭ്മൻ ഗില്ലും ഋതുരാജ് ഗൈക്വാദും മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ശുഭ്മൻ ഗിൽ 63 പന്തിൽ 74 റൺസും ഗൈക്വാദ് 77 പന്തിൽ 71 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരെകൂടാതെ ക്യാപ്റ്റൻ കെ.എൽ രാഹുൽ 63 പന്തിൽ 58 റൺസും സൂര്യകുമാർ യാദവ് 49 പന്തിൽ 50 റൺസും നേടിക്കൊണ്ട് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

 

അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.

സെപ്റ്റംബർ 24ന് ഇൻഡോർ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം നടക്കുക.

Content Highlight: Virender Sehwag praises Suryakumar Yadav’s batting performance.