ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് ശുഭ്മന്‍ ഗില്‍ സണ്‍റൈസേഴ്‌സിനെതിരെ കുറിച്ചത്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഹോം ടീം വിജയവും പ്ലേ ഓഫും ഉറപ്പിച്ചിരുന്നു.
ശുഭ്മന്‍ ഗില്ലിന്റെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നാണ് നരേന്ദ്ര മോദി സ്‌റ്റേഡിയം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഗില്‍ തന്റെ ആദ്യ ടി-20 സെഞ്ച്വറി കുറിച്ചതും തൊട്ടടുത്ത മാസം ടെസ്റ്റ് സെഞ്ച്വറി നേടിയതും ഇതേ സ്‌റ്റേഡിയത്തില്‍ വെച്ചുതന്നെയായിരുന്നു.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 58 പന്തില്‍ നിന്നും 101 റണ്‍സ് നേടിയാണ് ഗില്‍ ചരിത്രത്തിന്റെ ഭാഗമായത്. ഏകദിനം, ടെസ്റ്റ്, ടി-20, ഐ.പി.എല്‍ എന്നിങ്ങനെയുള്ള എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി തികച്ച അഞ്ചാമത് താരമായാണ് ഗില്‍ തരംഗമായത്. സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഗില്ലിന് അഭിനന്ദനമറിയിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം വിരേന്ദര്‍ സേവാഗ്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് താരത്തിന് അഭിനന്ദനമറിയിച്ചത്.
‘ഗില്ലും അഹമ്മദാബാദ് സ്റ്റേഡിയവും തമ്മിലുള്ള പ്രണയത്തിലെ ഏറ്റവും പുതിയ അധ്യായമാണിത്. ഇപ്പോഴത് വിവാഹമാണെന്ന് ഞാന്‍ പറയും. പ്രണയം വിവാഹത്തിലേക്കെത്തിയിരിക്കുന്നു. അവന്‍ മറ്റെവിടെയോ വെച്ച് ബാറ്റ് ചെയ്യുന്നതായാണ് എനിക്ക് തോന്നുന്നത്. മറ്റെല്ലാ ബാറ്റര്‍മാരും ബുദ്ധിമുട്ടുമ്പോള്‍ അവന്‍ നിസ്സാരമായി ബൗണ്ടറികള്‍ നേടിക്കൊണ്ടേയിരുന്നു.
നമ്മള്‍ ശുഭ്മനെ കുറിച്ച് ഏറെ കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവന്‍ ടെസ്റ്റിലും ടി-20യിലും സെഞ്ച്വറി നേടി, ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ചു, ഇപ്പോഴിതാ ഐ.പി.എല്ലിലും സെഞ്ച്വറി നേടിയിരിക്കുന്നു,’ സേവാഗ് പറഞ്ഞു.
സണ്‍റൈസേഴ്‌സിനെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ഗില്ലിന് സാധിച്ചിരുന്നു. 13 മത്സരത്തില്‍ നിന്നും 48 ശരാശരിയിലും 146.19 സ്‌ട്രൈക്ക് റേറ്റിലും 576 റണ്‍സാണ് താരം നേടിയത്.
Content Highlight: Virender Sehwag praises Shubman Gill