| Monday, 17th April 2023, 8:27 pm

എല്ലാവരും സഞ്ജുവിനെയും ഹെറ്റിയെയും മാത്രം കണ്ടപ്പോള്‍, കാണാന്‍ മറന്നവനെ പുകഴ്ത്തി സേവാഗ്; രാജസ്ഥാന്റെ വിജയത്തിലെ ആണിക്കല്ലായവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ മോസ്റ്റ് ത്രില്ലര്‍ മാച്ചുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പിറന്നത്. ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് തരംഗമായത്.

ഒരുവേള പരാജയം മുമ്പില്‍ കണ്ടിടത്ത് നിന്നുമാണ് രാജസ്ഥാന്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും അര്‍ധ സെഞ്ച്വറിയും നിര്‍ണായക ഘട്ടത്തിലെ ധ്രുവ് ജുറെലിന്റെയും ആര്‍. അശ്വിന്റെയും വെടിക്കെട്ടുമാണ് രാജസ്ഥാനെ വിജയിത്തിലേക്കെത്തിച്ചത്.

രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു താരം കൂടിയുണ്ടായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും ഹെറ്റിയുടെയും സഞ്ജുവിന്റെയും വിളയാട്ടത്തില്‍ മുങ്ങിപ്പോയ സന്ദീപ് ശര്‍മയായിരുന്നു ആ താരം.

രാജസ്ഥാന്റെ ഐക്കോണിക് സ്പിന്‍ ജോഡികളായ അശ്വിനും ചഹലും സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയപ്പോള്‍ സന്ദീപ് ശര്‍മ മാത്രമാണ് റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്.

താരത്തിന്റെ മികച്ച ബൗളിങ് സ്‌പെല്ലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ വിരേന്ദര്‍ സേവാഗ്. രാജസ്ഥാന്റെ സ്പിന്‍ ട്രയോ റണ്‍സ് വഴങ്ങിയപ്പോള്‍ സന്ദീപ് ശര്‍മ മാത്രമാണ് പക്വതയോടെ പന്തെറിഞ്ഞതെന്നായിരുന്നു താരം പറഞ്ഞത്.

‘ഗുജറാത്തിന്റെ കയ്യിലുള്ള വിക്കറ്റുകള്‍ കണക്കിലെടുക്കുമ്പോള്‍ 10-15 റണ്‍സ് അവര്‍ കുറവാണ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ പുറത്താവുകയോ ഡേവിഡ് മില്ലര്‍ നേരത്തെ ഇറങ്ങുകയോ ചെയ്തിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു.

സന്ദീപ് ശര്‍മ ന്യൂ ബോള്‍ കൃത്യമായി സ്വിങ് ചെയ്യിക്കുകയും ഡെത്ത് ഓവറില്‍ യോര്‍ക്കറുകള്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലാസ്റ്റ് ബോള്‍ ഗെയിമില്‍ ധോണിയെ വിജയിക്കാന്‍ സമ്മതിക്കാതെ തടഞ്ഞിച്ചിരുന്നു. ഇന്നും അവന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. കുറച്ച് റണ്‍സ് മാത്രമാണ് അവന്‍ വഴങ്ങിയത്.

നമ്മള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ട്രയോയെയ കുറിച്ച് സംസാരിച്ചിരുന്നു, എന്നാല്‍ അവര്‍ വളരെയധികം റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ സന്ദീപ് ശര്‍മ വളരെ പക്വതയോടെയും കാര്യങ്ങള്‍ മനസിലാക്കിയുമാണ് പന്തെറിഞ്ഞത്. അവന്‍ തന്റെ ശക്തി എന്താണെന്നറിയാം, അത് മികച്ച രീതിയില്‍ അവന്‍ ഉപയോഗിക്കുന്നുമുണ്ട്,’ സേവാഗ് പറഞ്ഞു.

മത്സരത്തില്‍ നാല് ഓവര്‍ പന്തറിഞ്ഞ സന്ദീപ് ശര്‍മ വഴങ്ങിയത് വെറും 25 റണ്‍സാണ്. രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ജി.ടിയുടെ സ്‌കോറിങ്ങിന്റെ നെടും തൂണായ ശുഭ്മന്‍ ഗില്ലിനെയും ഡേവിഡ് മില്ലറിനെയുമാണ് താരം പുറത്താക്കിയത്.

Content Highlight: Virender Sehwag praises Sandip Sharma

We use cookies to give you the best possible experience. Learn more