രാജസ്ഥാന്റെ യുവതാരം യശസ്വി ജെയ്‌സ്വാളിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. ഈ യുവ ഓപ്പണര്‍ സീനിയര്‍ താരമായ ജോസ് ബട്‌ലറിനെക്കാളും ക്യാപ്റ്റന്‍ സഞ്ജു സാംസണെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് സേവാഗിന്റെ അഭിപ്രായം.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ജെയ്‌സ്വാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘ബട്‌ലറും സഞ്ജുവും സീസണില്‍ ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ അവരെപ്പോഴെങ്കിലും നിറം മങ്ങുമ്പോള്‍ മറ്റാരെങ്കിലും ആ ചുമതലയേറ്റെടുക്കേണ്ടതുണ്ട്. അതാണ് കഴിഞ്ഞ മത്സരത്തില്‍ ജെയ്‌സ്വാളും അശ്വിനും ചെയ്തത്.
അവര്‍ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രത്യേകിച്ച് ജെയ്‌സ്വാള്‍, അവന്‍ പവര്‍പ്ലേയില്‍ കളിക്കുന്നത് കാണുമ്പോള്‍ സഞ്ജുവിനേക്കാളും ബട്‌ലറേക്കാളും മികച്ചതായി തോന്നുന്നു,’ സേവാഗ് പറഞ്ഞു.
ജെയ്‌സ്വാള്‍ ബുദ്ധി ഉപയോഗിച്ചാണ് കളിക്കുന്നതെന്നും ജാഗരൂഗനായാണ് ക്രീസില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘സാംസണും ബട്‌ലറും പുറത്തായതിന് പിന്നാലെ അവന്‍ പതുക്കെയാണ് കളിച്ചത്. കുറച്ച് സമയത്തേക്ക് അത്തരത്തിലുള്ള കളിയായിരുന്നു വേണ്ടിയിരുന്നത്. അവന്‍ ബുദ്ധി ഉപയോഗിച്ചാണ് കളിച്ചത്.
കാരണം മത്സരം കൂടുതല്‍ ആഴത്തിലേക്കെത്തിക്കാനും അവസാനം ജയിപ്പിക്കാനും രാജസ്ഥാന്‍ നിരയില്‍ ഒരു എം.എസ്. ധോണി ഇല്ല. അതുകൊണ്ടുതന്നെ അവന്‍ ബ്രില്യന്റായാണ് ബാറ്റ് വീശിയത്,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ ജെയ്‌സ്വാളിന്റെ മാസ്മരിക ഇന്നിംഗ്‌സാണ് ആടിയുലഞ്ഞ രാജസ്ഥാനെ വിജയതീരത്തേക്കടുപ്പിച്ചത്. കഴിഞ്ഞ കുറച്ചുമത്സരത്തിലേതെന്ന പോലെ ജോസ് ബട്‌ലര്‍ വീണ്ടും നിരാശപ്പെടുത്തുകയും ക്യാപ്റ്റന്‍ സഞ്ജു ഒന്നാളിക്കത്തി പെട്ടെന്ന് കെട്ടുപോവുകയും ചെയ്തപ്പോള്‍ റോയല്‍സ് ഇന്നിംഗ്‌സിന്റെ നെടുനായകത്വമേറ്റെടുത്തത് ഈ കൊച്ചു പയ്യനായിരുന്നു.
എട്ട് ഫോറും ഒരു സിക്‌സറുമള്‍പ്പടെ 44 പന്തില്‍ നിന്നും 59 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. ജെയ്‌സ്വാളിന്റെ പ്രകടനം രാജസ്ഥാന്റെ കിരീടമോഹത്തെ അരക്കിട്ടുറപ്പിച്ചു എന്നു പറഞ്ഞാലും അധികമാവില്ല.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് റോയല്‍സ്. ഇതോടെ ക്വാളിഫയറിലേക്കെത്താനും കിരീടത്തിലേക്ക് ഒരടി കൂടി വെക്കാനും രാജസ്ഥാനായി.