ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി ട്വന്റിയില്‍ ആതിഥേയര്‍ ഇന്ത്യയെ 6 വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. പുതുമുഖ താരം ഹെന്റിച്ച് ക്ലാസന്റെയും ക്യാപ്റ്റന്‍ ജെ.പി ഡുമിനിയുടെയും മിന്നുന്ന ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന് മൂന്ന് മത്സര പരമ്പരയില്‍ ഒപ്പമെത്തിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്ലാസന്‍ 30 പന്തുകളില്‍ നിന്നു നേടിയ 69 റണ്‍സാണ് തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ തടഞ്ഞു നിര്‍ത്തിയത്. 230 റണ്‍ റേറ്റില്‍ ബാറ്റുവീശിയ ക്ലാസന്റെ ക്ലാസിക് പ്രകടനത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ക്ലാസന്റെ കളി ഗതി മാറ്റിയ ഇന്നിങ്‌സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “ക്ലാസന്റെ ക്ലാസിക് പ്രകടനം” എന്ന ട്വീറ്റുമായാണ് സെവാഗ് പോര്‍ട്ടീസ് താരത്തെ അഭിനന്ദിച്ചിരിക്കുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് ഇന്ത്യയുയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 19 ാം ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ക്ലാസന്‍ 69 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഡുമിനി 64 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയായിരുന്നു. നേരത്തെ അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും (79) എം.എസ്. ധോണിയുടെയും (52) മികവിലാണ് ഇന്ത്യന്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റിനു ഇന്ത്യ 188 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക 18.4 ഓവറില്‍ നാലിന് ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങിയാണ് പുറത്തായത്. സുരേഷ് റെയ്‌നയും(31), ശിഖര്‍ ധവാനും(24) നന്നായി തുടങ്ങിയെങ്കിലും ധവാനെ പുറത്താക്കിയ ഡുമിനി കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ വന്ന നായകന്‍ കോഹ്‌ലി ഒരു റണ്‍സുമായി മടങ്ങി. തുടര്‍ന്ന് റെയ്‌നക്കൊപ്പമുള്ള കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ നില ഭദ്രമാക്കിയ പാണ്ഡെ ധോണിയെ കൂട്ടുകിട്ടിയതോടെ ആഞ്ഞടിക്കുകയായിരുന്നു. ആറു ഫോറും മൂന്നു സിക്‌സുമടങ്ങുന്നതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. ധോണി നാലു ഫോറും മൂന്നു സിക്‌സും നേടി. ക്ലാസനാണ് മത്സരത്തിലെ താരം.