സ്വയം അപമാനിതനാകാനുള്ള പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്; ഇമ്രാന്‍ ഖാനെതിരെ സെവാഗ്
India
സ്വയം അപമാനിതനാകാനുള്ള പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്; ഇമ്രാന്‍ ഖാനെതിരെ സെവാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2019, 4:08 pm

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷപരിഹാസവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. യു.എന്‍ അസംബ്ലിയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തേയും യു.എസിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തേയും പ്രതിപാദിച്ചുകൊണ്ടായിരുന്നു സെവാഗ് ഇമ്രാന്‍ ഖാനെതിരെ രംഗത്തെത്തിയത്. സ്വയം അപമാനിതനാകാനുള്ള വഴികളില്‍ ഓരോന്നായി കണ്ടെത്തുകയാണ് ഇമ്രാന്‍ എന്നായിരുന്നു സെവാഗ് പറഞ്ഞത്.

യു.എസ് ചാനല്‍ പരിപാടിയില്‍ ഇമ്രാന്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സെവാഗിന്റെ വിമര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”നിങ്ങളെ ബ്രോങ്കില്‍ നിന്നുള്ള ഒരു വെല്‍ഡറെ പോലെ തോന്നുന്നു എന്നായിരുന്നു യു.എസിലെ ആ ചാനല്‍ അവതാരകന്‍ ഇദ്ദേഹത്തോട് പറഞ്ഞത്. യു.എന്നില്‍ ഈ മനുഷ്യന്‍ നടത്തിയ ദയനീയ പ്രസംഗം കൂടി കേട്ടപ്പോള്‍ സ്വയം അപമാനിതാനാകാനുള്ള പുതിയ വഴികള്‍ കണ്ടുപിടിക്കുകയാണ് ഇദ്ദേഹമെന്ന് തോന്നും”- എന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.

യു.എസിലെ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവേ ഇമ്രാന്‍ ഖാന്‍ ചൈനയെ മഹത്വവത്കരിച്ചതും യുഎസിനെ താഴ്ത്തിക്കെട്ടിയും സംസാരിച്ചിരുന്നു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യൂയോര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  ഇതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാണ് താങ്കളെങ്കിലും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പരാതി പറയുന്ന ബ്രോങ്ക്‌സില്‍ നിന്നുള്ള വെല്‍ഡറെപ്പോലെയാണ് താങ്കള്‍ സംസാരിക്കുന്നതെന്ന് അവതാരകന്‍ തിരിച്ചടിച്ചത്.

യു.എന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ആരംഭിക്കുകയാണെങ്കില്‍ എന്തും സംഭവിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അയല്‍ക്കാരേക്കാള്‍ ഏഴിരട്ടി ചെറുതായ ഒരു രാജ്യം എന്തുചെയ്യും, കീഴടങ്ങുകയോ സ്വാതന്ത്ര്യത്തിനായി പോരാടുകയോ ചെയ്യും എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ എന്ന വിമര്‍ശനം ആ ഘട്ടത്തില്‍ തന്നെ ഉയരുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ