| Monday, 6th November 2017, 8:54 pm

വീരു-ടെയ്‌ലര്‍ 'തുന്നല്‍' പൊട്ടിക്കാന്‍ ഇടപെട്ട് സര്‍ക്കാരും; ടെയ്‌ലറിന് ആധാര്‍ കിട്ടുമോ എന്ന് സെവാഗ്; വീരുവിനെ മുട്ടു കുത്തിച്ച മറുപടിയുമായി ആധാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-20 പരമ്പര അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സെവാഗ്-റോസ് ടെയ്‌ലര്‍ യുദ്ധവും അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഇന്നലെ തുന്നല്‍ കടയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് വീരുവിനെ വെല്ലുവിളിച്ച ടെയ്‌ലറിന് മറുപടിയുമായി സെവാഗ് എത്തിയിരിക്കുകയാണ്. എന്നാല്‍ രസമതല്ല, ഇരുവരും തമ്മിലുള്ള യുദ്ധത്തില്‍ ഒടുവില്‍ ആധാര്‍ സംവിധാനം തന്നെ ഇടപെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ ടെയ്‌ലറിന്റെ ട്വിറ്ററിന് മറുപടിയുമായാണ് സെവാഗ് ഇന്നെത്തിയത്. ടെയ്‌ലറിന്റെ ഹിന്ദി മനോഹരമാണെന്നു പറഞ്ഞ വീരു ടെയ്‌ലറിന് ആധാര്‍ കിട്ടുമോയെന്ന് ആധാര്‍ സംവിധാനമായി യു.ഐ.ഡി.എ.ഐയോട് ചോദിക്കുകയും ചെയ്തു.

പിന്നെയാണ് ഇരുവര്‍ക്കിടയിലുമുള്ള പോര് തീര്‍ക്കാന്‍ ആധാര്‍ ഇടപെട്ടത്. ഭാഷ വിഷയമല്ല പക്ഷെ ഇന്ത്യന്‍ പൗരത്വമുള്ളവനായിരിക്കണമെന്നായിരുന്നു ആധാറിന്റെ മറുപടി. അവസാനത്തെ ചിരി എന്നും സര്‍ക്കാരിന്റേതാണെന്നായിരുന്നു വീരുവിന്റെ അടുത്ത ട്വീറ്റ്. അവിടെയും സംഗതി നിന്നില്ല. തൊട്ടു പിന്നാലെ ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍ ട്വീറ്റ് ചെയ്തായിരുന്നു ആധാര്‍ വീരുവിന് മറുപടി കൊടുത്തത്. ഇത്തവണ ഒരു ചിരിയില്‍ ഒതുക്കി വീരു മറുപടി.

ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയ്ക്കൊപ്പം തുടങ്ങിയതായിരുന്നു ട്വിറ്ററിലൂടെയുള്ള സെവാഗ്-ടെയ്ലര്‍ യുദ്ധവും. രണ്ടാളും നല്ല രസികന്മാരായതു കൊണ്ട് സംഭവം ആരാധകര്‍ക്ക് നല്ലൊരു ചിരി വിരുന്നായി മാറി. ടെയ്ലറെ തുന്നല്‍ക്കാരനെന്ന് വിളിച്ചു കൊണ്ട് വീരുവായിരുന്നു തുടക്കം കുറിച്ചതും.


Also Read: ‘ധോണി വിരമിക്കാറായോ?’; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഭുവിയുടെ വായടപ്പിക്കുന്ന മറുപടി


രാജ്ക്കോട്ടില്‍ ഇന്ത്യയെ കിവിസ് പരാജയപ്പെടുത്തിയതിന് പിന്നാലെ മറുപടിയുമായി ടെയ്‌ലറുമെത്തി. “ടെയ്ലറുടെ കട അടച്ചിരിക്കുകയാണ്. അടുത്ത തുന്നല്‍ തിരുവനന്തപുരത്താണ്. തീര്‍ച്ചയായും വരണം.” എന്നായിരുന്നു കിവീസ് താരത്തിന്റെ ട്വീറ്റ്. രാജ്ക്കോട്ടിലെ തെരുവിലുള്ള തുന്നല്‍ക്കാരന്റെ കടയ്ക്കു മുന്നില്‍ നിന്നുമുള്ള തന്റെ ചിത്രവും ടെയ്ലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വിറ്ററില്‍ ഇരുവരും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഒന്നാം ഏകദിനത്തില്‍ 95 റണ്‍സുമായി മിന്നും പ്രകടനം പുറത്തെടുത്ത ടെയ്‌ലറെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു സെവാഗിന്റെ പതിവ് ശൈലിയിലുള്ള ട്രോള്‍. ദര്‍ജീ എന്നായിരുന്നു ട്വീറ്റില്‍ സെവാഗ് ടെയ്‌ലറെ വിളിച്ചത്. ദര്‍ജി എന്നാല്‍ ഹിന്ദിയില്‍ തുന്നല്‍ക്കാരന്‍ എന്നാണ് അര്‍ത്ഥം. ദിവാലിയുടെ ഓര്‍ഡറുകളുടെ സമ്മര്‍ദ്ദത്തിനിടയിലും ദര്‍ജിയുടെ പ്രകടനം നന്നായിരുന്നു എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.

ടെയ്‌ലര്‍ പക്ഷെ തിരിച്ചടിച്ചു. അതും വൃത്തിയ്ക്ക് ഹിന്ദിയില്‍ തന്നെ. കൃത്യ സമയത്തു തന്നെ ഓര്‍ഡര്‍ തന്നാല്‍ അടുത്ത ദിവാലിയ്ക്ക് മുമ്പുതന്നെ എല്ലാം ഡെലിവറി ചെയ്യാം എന്നായിരുന്നു ടെയ്‌ലറുടെ മറുപടി. അവിടം കൊണ്ട് തീര്‍ന്നെന്ന് കരുതിയിരിക്കെ വീരുവിന്റെ മറുപടിയെത്തി. ഇത്തവണത്തെ പാന്റിന്റെ ഇറക്കം അടുത്ത തവണ കുറച്ച് തരണമെന്നായിരുന്നു സെവാഗിന്റെ അടുത്ത ട്വീറ്റ്.

അതിന് ഇത്തവണത്തെ തുന്നല്‍ ശരിയായില്ലേയെന്നും ദല്‍ഹിയില്‍ കാണാമെന്നുമായിരുന്നു ടെയ്‌ലറിന്റെ മറുപടി. ഒടുവില്‍ നിങ്ങളെപ്പോലെ തുന്നാന്‍ അറിയുന്ന ആരുമില്ലെന്ന് പറഞ്ഞ് സെവാഗ് അടിയറവ് പറയുകയായിരുന്നു.

We use cookies to give you the best possible experience. Learn more