ടീം ജയിക്കുന്നതോ തോല്‍ക്കുന്നതോ ഒരു വിഷയമല്ല, അവന് ആരാധകരെ സന്തോഷിപ്പിച്ചാല്‍ മതി; വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്
Sports News
ടീം ജയിക്കുന്നതോ തോല്‍ക്കുന്നതോ ഒരു വിഷയമല്ല, അവന് ആരാധകരെ സന്തോഷിപ്പിച്ചാല്‍ മതി; വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th May 2024, 6:22 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 35 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഡാരില്‍ മിച്ചലിന്റേയും മൊയീന്‍ അലിയുടെയും ചെറുത്തുനില്‍പ്പിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. മിച്ചല്‍ 34 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ മൊയീന്‍ 36 പന്തില്‍ നിന്ന് 56 റണ്‍സും നേടി. ആരാധകര്‍ ഏറെ കാത്തിരുന്ന എം.എസ്. ധോണി ആറാമനായി ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 11 പന്തില്‍ നിന്നും 26 റണ്‍സാണ് അദ്ദേഹം നേടിയത്. ക്രീസിലുള്ള ചെറിയ സമയം പോലും ആരാധകരെ ആവേശത്തിലാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ചെന്നൈയുടെ തോല്‍വിക്ക് ശേഷം ധോണിയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് സെവാഗ് പറയുകയും ചെയ്ത്. തന്റെ ഫോം കണക്കിലെടുത്ത് ധോണി ഇത്രയും താഴ്ന്ന ബാറ്റങഗ് ഓര്‍ഡറില്‍ ഇറങ്ങരുതെന്നും സെവാഗ് പറഞ്ഞു.

‘എം.എസ്. ധോണിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള ചര്‍ച്ച അവസാനിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശങ്ങളെക്കുറിച്ച് വ്യക്തമാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിലവിലെ ഫോമും ബാറ്റിങ് ശരാശരിയും കണക്കിലെടുക്കുമ്പോള്‍ ഗെയിം വിജയിക്കുന്നതിന് മറ്റ് ബാറ്റര്‍മാരുടെ കൂട്ട് ആവശ്യമാണ്. ലക്ഷ്യത്തിലെത്താന്‍, ജഡേജയ്ക്കും ദുബെയ്ക്കും 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടേണ്ടതായിരുന്നു, ‘സെവാഗ് അഭിപ്രായപ്പെട്ടു.

‘ധോണിയുടെ ബാറ്റിങ് പൊസിഷനിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ എവിടെ ബാറ്റ് ചെയ്താലും കുഴപ്പമില്ല. ജയിച്ചാലും തോറ്റാലും ആര്‍ക്കാണ് പ്രശ്നം? അവന്‍ ജനക്കൂട്ടത്തെ സന്തോഷിപ്പിക്കുക മാത്രമാണ് ചെയ്തത്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Virender Sehwag Criticize M.S Dhoni