മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതാഭകാലം ഏതെന്നു ചോദിച്ചാല്‍ അതിനുത്തരം സച്ചിനും ഗാംഗുലിയും സേവാഗും ദ്രാവിഡും ഒക്കെ കളം വാണ കാലം എന്നായിരിക്കും ഉത്തരം. ഇന്ത്യയുടെ ഫാബ് ഫൈവിലെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും അന്നത്തെ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു. കളിയില്‍ നിന്നും വിരമിച്ചെങ്കിലും താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് യാതൊരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല.
പോയ ദിവസം തങ്ങളുടെ സൗഹൃദത്തിന്റെ ആഴം എത്ര വലുതാണെന്ന് സെവാഗ് ഒരിക്കല്‍ കൂടി കാണിച്ചു തന്നു. പ്രിയ സുഹൃത്ത് സൗരവ്വ് ഗാംഗുലിയുമായുള്ള ഫോട്ടോ ട്വീറ്റ് ചെയ്തായിരുന്നു വീരു ദാദയോടുള്ള സ്‌നേഹം അറിയിച്ചതും. വീരുവാണല്ലോ അതുകൊണ്ട് ട്രോളാതെ പോകില്ലല്ലോ.. അതും ഉണ്ടായിരുന്നു.
ദാദയുടെ സന്തോഷമാണ് എന്റെ സന്തോഷമെന്ന് പറഞ്ഞ സെവാഗ് ഗാംഗുലിയുടെ ചിരിയെ രസഗുളയുടെ മാധുര്യത്തോടാണ് ഉപമിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിനിടെ എടുത്ത ചിത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. അവിടം കൊണ്ട് തീര്‍ന്നെന്നു കരുതണ്ട സെവാഗിന് മറുപടിയുമായെത്തിയത് മറ്റാരുമല്ല, മലയാളി താരം എസ് ശ്രീശാന്തായിരുന്നു.
2003 ല്‍ തനിക്കരികിലെത്തി മത്സരത്തില്‍ തന്നെ തുടരണമെന്നും രാജ്യത്തിനു വേണ്ടി കളിക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്താനും ഉപദേശിച്ചത് ദാദയായിരുന്നു എന്നാണ് ശ്രീ പറയുന്നത്. ദാദയ്ക്കും വീരുവിനുമൊപ്പം ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇതിഹാസ താരങ്ങളില്‍ നിന്നും ലഭിച്ച ഉപദേശങ്ങളെല്ലാം തനിക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നുവെന്നും താരം പറയുന്നു.
2006 ലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ പന്തെറിയുന്നത് നന്നാക്കാനായി തനിക്കെതിരെ പന്തെറിയാന്‍ ദാദ തന്നോട് ആവശ്യപ്പെട്ടതിനെ കുറിച്ചും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നുണ്ട്. 169 വിക്കറ്റുകള്‍ സ്വന്തമായിട്ടുള്ള ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതില്‍ സൗരവ്വ് ഗാംഗുലിയുടെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.