വര്‍ഗ്ഗീയത ഉദ്ദേശിച്ചിട്ടില്ല, തെറ്റ് അംഗീകരിക്കുന്നു; മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ മാപ്പു പറഞ്ഞ് സേവാഗ്
Murder of Madhu
വര്‍ഗ്ഗീയത ഉദ്ദേശിച്ചിട്ടില്ല, തെറ്റ് അംഗീകരിക്കുന്നു; മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ മാപ്പു പറഞ്ഞ് സേവാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2018, 10:57 pm

ന്യൂദല്‍ഹി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ വര്‍ഗ്ഗീയാരോപണം നേരിട്ടതിനെ തുടര്‍ന്ന് സേവാഗ് മാപ്പു പറഞ്ഞു. സോഷ്യല്‍മീഡിയയിലെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് താരം മാപ്പുപറഞ്ഞത്.

“ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്” എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ കുറ്റാരോപിതരിലെ മുസ്ലിം പേരുകള്‍ മാത്രം ട്വീറ്റ് ചെയ്ത് വര്‍ഗ്ഗീയത സൃഷ്ടിക്കാനാണ് സേവാഗ് ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നു. ഇതേ തുടര്‍ന്നാണ് താരം ക്ഷമാപണവുമായെത്തിയത്.

അപൂര്‍ണമായ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുകള്‍ വിട്ടു പോയതെന്ന് സേവാഗ് പറഞ്ഞു. വര്‍ഗ്ഗീയത ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://twitter.com/virendersehwag/status/967428117324320768

“തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല.. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്…അവിടെ സമാധാനമുണ്ടാവട്ടെ.” – എന്നാണ് ട്വീറ്റ്.