ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന്റെ കുന്തമുനയായിരുന്നു ആശിഷ് നെഹ്‌റ. നീണ്ട 20 വര്‍ഷത്തെ കളി ജീവിതം ബുധനാഴ്ച ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20യോടെയായിരുന്നു അവസാനിച്ചത്.
അരങ്ങേറ്റം കുറിച്ച തന്റെ ഹോം ഗ്രൗണ്ടില്‍ നിന്നു തന്നെ കളിയവസാനിപ്പിച്ച നെഹ്‌റയ്ക്ക് ഗംഭീര യാത്രയയപ്പായിരുന്നു ടീം നല്‍കിയത്.
ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും കോഹ്‌ലിക്കും പുറമെ മറ്റൊരു അതിഥി കൂടിയുണ്ടായിരുന്നു നെഹ്‌റയുടെ യാത്രയയപ്പ് ചടങ്ങില്‍. നീണ്ട വര്‍ഷക്കാലം ദേശീയ ടീമിലും, ദല്‍ഹി ടീമിലും നെഹ്‌റയുടെ സഹതാരമായിരുന്ന വിരേന്ദര്‍ സെവാഗായിരുന്നു ആ വിശിഷ്ട വ്യക്തി.
സച്ചിനും സെവാഗും സഹീറും യുവിയുമടങ്ങിയ ഒരു തലമുറയിലെ പ്രധാന താരമായിരുന്ന നെഹ്‌റയുടെ യാത്രയയപ്പ് താരങ്ങള്‍ ഗംഭീരമായി തന്നെ ആഘോഷിക്കുകയായിരുന്നു. വിരമിക്കാന്‍ ഒരു അവസരം ലഭിക്കാതെ കളിജീവിതം അവസാനിപ്പിച്ച സെവാഗ് എത്തിയതോടെ ചടങ്ങിന്റെ അന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു.
കേക്ക് കൊണ്ട് നെഹ്‌റയുടെ മുഖത്ത് പെയിന്റടിക്കുകയായിരുന്നു വീരു ചടങ്ങില്‍ ചെയ്തത്. ദല്‍ഹിതാരം കൂടിയായ കോഹ്‌ലിയും ഇതോടെ തന്റെ മുന്‍ഗാമികള്‍ക്കൊപ്പം ചേര്‍ന്ന നെഹ്‌റയെ കേക്കില്‍ “കുളിപ്പിക്കുകയും ചെയ്തു. സെവാഗിനൊപ്പം മുന്‍ ഇന്ത്യന്‍ താരം അജിത് അഗാക്കറും യാത്രയയപ്പ് ചടങ്ങിനെത്തിയിട്ടുണ്ടായിരുന്നു.