| Wednesday, 28th June 2023, 2:10 pm

ഞങ്ങളൊക്കെ വയസന്‍മാരായി ധോണിക്ക് ആണെങ്കില്‍ പരിക്കും, അങ്ങനെയാണ് വിരാട് ആ ചുമതലയേല്‍ക്കുന്നത്; 2011 ലോകകപ്പിനെ കുറിച്ച് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പ് വീണ്ടും ഇന്ത്യന്‍ മണ്ണിലേക്കെത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യയൊന്നാകെ. 2011ന് ശേഷം ലോകകപ്പ് വീണ്ടും ഇന്ത്യയിലെത്തുമ്പോള്‍ പത്ത് വര്‍ഷം നീണ്ടുനിന്ന കിരീട വരള്‍ച്ചക്ക് സ്വന്തം മണ്ണില്‍ അന്ത്യം കുറിക്കാമെന്ന പ്രതീക്ഷയാണ് ആരാധകര്‍ വെച്ചുപുലര്‍ത്തുന്നത്.

2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം മറ്റൊരു ഐ.സി.സി ട്രോഫി പോലും ഷെല്‍ഫിലെത്തിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ ആരാധകര്‍ക്ക് മുമ്പില്‍ തല കുമ്പിട്ട് നില്‍ക്കുന്നത്. 2011 ലോകകപ്പിലെയും 2013 ചാമ്പ്യന്‍സ് ട്രോഫിയിലെയും ആത്മവിശ്വാസമുള്‍ക്കൊണ്ടാണ് രോഹിത്തും കോഹ്‌ലിയുമടങ്ങുന്ന ഇന്ത്യന്‍ നിര ലോകകപ്പിനിറങ്ങുന്നത്.

2011 ആവര്‍ത്തിക്കാനുള്ള മറ്റൊരു അവസരമാണ് രോഹിത്തിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്. അന്നത്തെ ലോകകപ്പ് ടീമിലുണ്ടായിരുന്ന വിരാട് മാത്രമാണ് ഇന്നും ഇന്ത്യക്കൊപ്പമുള്ളത്. ലോകകപ്പ് വിജയത്തിന് ശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ തോളിലേറ്റിയാണ് അന്ന് യുവതാരമായിരുന്ന വിരാട് വിജയം ആഘോഷിച്ചത്.

അന്ന് വിരാട് സച്ചിനെ തോളിലേറ്റി ഗ്രൗണ്ട് വലം വെച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ വിരേന്ദര്‍ സേവാഗ്. വിരാട് സച്ചിനെ തോളിലേറ്റാനുണ്ടായ രസകരമായ കാരണത്തെ കുറിച്ചാണ് സേവാഗ് സംസാരിച്ചത്.

ഐ.സി.സി വേള്‍ഡ് കപ്പ് 2023ന്റെ ഷെഡ്യൂള്‍ ലോഞ്ചിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങളത് നിരസിക്കാന്‍ കാരണമുണ്ടായിരുന്നു. സച്ചിന്‍ വളരെ ഭാരമുള്ളയാളാണ്, ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഉയര്‍ത്താനോ തോളിലേറ്റാനോ സാധിക്കില്ല. ഞങ്ങള്‍ക്കാണെങ്കില്‍ പ്രായവുമായി. ഞങ്ങള്‍ക്ക് തോളിന് പരിക്കുണ്ടായിരുന്നു. എം.എസിന് (ധോണി) കാല്‍മുട്ടിന് പരിക്കായിരുന്നു. ബാക്കിയുള്ളവര്‍ക്കാകട്ടെ മറ്റു പ്രശ്‌നങ്ങളും.

ഞങ്ങള്‍ ആ ഭാരം യുവതാരങ്ങളെയോല്‍പിച്ചു. നിങ്ങള്‍ പോയി സച്ചിനെ തോളിലെടുത്ത് ഗ്രൗണ്ടിന് ചുറ്റം വലം വെച്ച് വരാന്‍ പറഞ്ഞു. അക്കാരണത്താലാണ് അന്ന് കോഹ്‌ലി അദ്ദേഹത്തെ തോളിലേറ്റിയത്,’ ചിരിച്ചുകൊണ്ട് സേവാഗ് പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് റണ്ണേഴ്‌സായ ന്യൂസിലാന്‍ഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പില്‍ തീര്‍ക്കാന്‍ ബാക്കിവെച്ച പല കണക്കുകള്‍ക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം സാക്ഷിയാകുമെന്നുറപ്പാണ്.

സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് ക്യാമ്പെയ്‌നിന് തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈ ആണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

Content Highlight: Virender Sehwag about Virat Kohli carrying Sachin Tendulkar at 2011 WC final

We use cookies to give you the best possible experience. Learn more