ഐ.പി.എല്‍ ആവേശത്തിനാണ് ഇന്ത്യ ഇനി ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നതോടെയാണ് ഐ.പി.എല്‍ 2023ന് തുടക്കമാവുന്നത്.
ഏറ്റവും മികച്ച രണ്ട് ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. സൂപ്പര്‍ കിങ്‌സിനെ പലകുറി ചാമ്പ്യന്‍മാരാക്കിയ എം.എസ്. ധോണിയും ആദ്യമായി ക്യാപ്റ്റന്‍സിയേറ്റെടുക്കുകയും ടീമിനെ കിരീടം ചൂടിക്കുകയും ചെയ്ത ഹര്‍ദിക്കും തമ്മിലുള്ള പോരാട്ടത്തിന് ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് എം.എസ്. ധോണി. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ഇന്നുവരെ ചെന്നൈയുടെ നായകന്‍ ധോണി തന്നെയായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ജഡേജയുമായി ക്യാപ്റ്റന്‍സി വെച്ചുമാറിയെങ്കിലും സീസണിന്റെ പകുതി വെച്ച് ആ സ്ഥാനം ഒരിക്കല്‍ക്കൂടി ധോണി എടുത്തണിയുകയായിരുന്നു.
എന്നാല്‍ ഐ.പി.എല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എം.എസ്. ധോണിയല്ല, മറിച്ച് രോഹിത് ശര്‍മയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്.
ഐ.പി.എല്ലിന്റെ 15 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.
‘നോക്കൂ, കണക്കുകള്‍ നിങ്ങളോട് കഥ പറയും. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായതിന്റെ എക്‌സ്പീരിയന്‍സ് എം.എസ്. ധോണിക്കുണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.
രോഹിത് ശര്‍മ ആദ്യമായി ഒരു ടീമിന്റെ ക്യാപ്റ്റനാകുന്നത് മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. അവിടെ നിന്നുമാണ് വിജയത്തിലേക്കുള്ള അവന്റെ യാത്ര തുടങ്ങുന്നത്. അതുകൊണ്ടാണ് അവന് കൂടുതല്‍ അംഗീകാരം ലഭിക്കേണ്ടത്.
സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത് ഓരോ കാര്യങ്ങള്‍ ചെയ്തതുപോലെയായിരുന്നു അവനും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തത്.
അവന്‍ ലോകകപ്പിന്റെ രണ്ട് ഫൈനല്‍ കളിച്ചു. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി. അതുകൊണ്ട് ഞാന്‍ രോഹിത് ശര്‍മയെയാണ് തെരഞ്ഞെടുക്കുക,’ സേവാഗ് പറഞ്ഞു.
Content highlight: Virender Sehwag about Rohit Sharma and MS Dhoni