| Friday, 17th February 2023, 8:27 am

ഐ.പി.എല്‍ വിജയിക്കുമോ എന്ന് പോലും എനിക്ക് സംശയമുണ്ടായിരുന്നു, പ്രധാന ആശങ്ക അതായിരുന്നു: സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് പുതിയ ഭാവുകത്വം നല്‍കിയാണ് 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്‍ രംഗപ്രവേശം ചെയ്തത്. തനിക്ക് മുമ്പേ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന ഐ.സി.എല്‍ ഉണ്ടാക്കിവെച്ച സകല പേരുദോഷവും തീര്‍ത്തുകൊണ്ടായിരുന്നു ഐ.പി.എല്‍ ഉദിച്ചുയര്‍ന്നത്.

നിരവധി താരങ്ങളാണ് ഐ.പി.എല്ലിലൂടെ വളര്‍ന്നുവന്നത്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് മുതല്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ രാഹുല്‍ ത്രിപാഠിയടക്കം ഐ.പി.എല്ലിലൂടെയാണ് ദേശീയ ടീമിലെത്തിയത്.

എന്നാല്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ ഈ ലീഗ് വിജയിക്കുമോ എന്ന് പോലും സംശയിച്ചിരുന്നുവെന്ന് പറയുകയാണ് ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗ്.

രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറും ഐ.പി.എല്ലിനെ കുറിച്ച് ആദ്യമായി തന്നോട് പറഞ്ഞപ്പോള്‍ ഉണ്ടായ ആശങ്ക അതാണെന്നും സേവാഗ് പറഞ്ഞു.

2007 ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തവെയാണ് ശാസ്ത്രിയും ഗവാസ്‌കറും തന്നോട് ആദ്യമായി ഐ.പി.എല്ലിനെ കുറിച്ച് പറയുന്നതെന്നാണ് സേവാഗ് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ എല്ലാ റൈറ്റ്‌സും വേണമെന്ന് രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറും എന്നോട് പറഞ്ഞിരുന്നു. ഇത് പറഞ്ഞുകൊണ്ടാണ് അവര്‍ ഐ.പി.എല്ലിനെ കുറിച്ച് സംസാരിച്ചത്.

ഞങ്ങളുടെ എല്ലാ വിധത്തിലുമുള്ള റൈറ്റ്‌സും നല്‍കിയ ശേഷവും ഈ ലീഗ് വിജയിക്കുമോ എന്ന് പോലും ആശങ്കപ്പെട്ടിരുന്നു. ഞങ്ങളുടെ എല്ലാ റൈറ്റ്‌സും നല്‍കിയ ശേഷവും അതില്‍ നിന്നും ഒന്നും നേടാന്‍ സാധിച്ചില്ലെങ്കിലോ?

എന്നാല്‍ വരും വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരിക്കുമെന്ന് രവി ശാസ്ത്രിയും ഗവാസ്‌കറും ഉറപ്പ് നല്‍കി. ഞങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഏറെ അതില്‍ നിന്നും നേടാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

പണം എന്നത് അപ്പോള്‍ രണ്ടാമത് മാത്രമായിരുന്നു. ഈ ലീഗ് ഇത്രത്തോളം താരങ്ങളെ കണ്ടെത്തുമെന്നും വളര്‍ത്തുമെന്നും എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞങ്ങളെ റീപ്ലേസ് ചെയ്ത് പുത്തന്‍ യുവതാരങ്ങള്‍ സ്റ്റാറുകളായി മാറുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിന്റെ വിജയത്തിന് ശേഷം വനിതാ ഐ.പി.എല്ലിലേക്കും ബി.സി.സി.ഐ കാലെടുത്ത് വെച്ചരിക്കുകയാണ്. അഞ്ച് ഫ്രാഞ്ചൈസികളാണ് വനിതാ ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ കളിക്കുക.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യു.പി വാറിയേഴ്‌സ് എന്നിവരാണ് പ്രഥമ വനിതാ ഐ.പി.എല്ലിലെ ടീമുകള്‍.

Content highlight: Virender Sehwag about IPL

We use cookies to give you the best possible experience. Learn more