|

എനിക്കിപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടാനാകില്ല; അവന്‍ ഇവിടെ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്: സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍ ടി-20യുടെ ഫൈനലിനാണ് കളമൊരുങ്ങുന്നത്. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണില്‍ പുതിയ ചാമ്പ്യന്‍മാരുടെ പിറവിക്ക് കൂടിയാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഫൈനലില്‍ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് ദുബായ് ക്യാപ്പിറ്റല്‍സിനെ നേരിടും.

ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ വളര്‍ച്ചയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഐ.എല്‍ ടി-20 കമന്റേറ്ററുമായ വിരേന്ദര്‍ സേവാഗ്. ഭാവിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റ് കളിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ഐ.എല്‍. ടി-20യുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകുമെന്നും സേവാഗ് പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്താരാഷ്ട്ര തലത്തില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും വിരമിച്ച ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഉദാഹരണത്തിന് ദിനേഷ് കാര്‍ത്തിക് എസ്.എ20യുടെ ഭാഗമായി, അതുപോലെ ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഐ.എല്‍. ടി-20യുടെ ഭാഗമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ സേവാഗ് പറഞ്ഞു.

ഇത്തരത്തില്‍ ഏത് ഇന്ത്യന്‍ താരം ടൂര്‍ണമെന്റിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് യുവരാജ് സിങ്ങിന്റെ പേരാണ് സേവാഗ് പറഞ്ഞത്. 2007 ടി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരു ഓവറില്‍ ആറ് സിക്‌സറിന് പറത്തിയത് ഓര്‍ത്തെടുത്താണ് സേവാഗ് യുവിയെ കുറിച്ച് സംസാരിച്ചത്.

യുവരാജിന്റെ ആക്രമണോത്സുക ബാറ്റിങ്ങിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അദ്ദേഹം ടൂര്‍ണമെന്റിന്റെ ഭാഗമാവുകയാണെങ്കില്‍ അത് വളരെ മികച്ചതായിരിക്കുമെന്നും സേവാഗ് പറഞ്ഞു.

സേവാഗ് ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് പ്രായമായി എന്നാണ് സേവാഗ് ചിരിച്ചുകൊണ്ട് പറഞ്ഞത്.

‘എനിക്ക് പ്രായമേറെയായി. പ്രായമായി എന്നത് ഒരു തടസ്സമല്ല, നിങ്ങള്‍ക്ക് കളിക്കാനാകും. എന്നാല്‍ എനിക്ക് കുറച്ചധികം പ്രായമായി, ഫാസ്റ്റ് ബൗളിങ്ങിനെ നേരിടാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കില്ല,’ എന്നായിരുന്നു സേവാഗിന്റെ മറുപടി.

കമന്റേറ്ററുടെ റോളിലായതിനാല്‍ മറ്റൊരു തലത്തില്‍ മത്സരത്തെ നോക്കിക്കാണാനും ആസ്വദിക്കാനും സാധിച്ചെന്നും സേവാഗ് പറഞ്ഞു.

‘ഐ.എല്‍ ടി-20യില്‍ ഇത് മൂന്നാം വര്‍ഷമാണ് ഞാന്‍ കമന്റേറ്ററായിട്ടുള്ളതെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിരവധി മികച്ച അന്താരാഷ്ട്ര താരങ്ങള്‍ ലീഗില്‍ കളിക്കുന്നുണ്ട്. ഇത് യു.എ.ഇയിലെ യുവതാരങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.

യു.എ.ഇയിലെ യുവതാരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്. അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് അവര്‍ക്ക് വ്യത്യസ്തമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്. ഇത് വളരെയധികം മികച്ചതാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് എടുത്ത് പരിശോധിക്കുകയാണെങ്കില്‍ എല്ലാ മത്സരങ്ങളും മികച്ചതായിരുന്നു എന്ന് കാണാന്‍ സാധിക്കും,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Virender Sehwag about ILT20 and Yuvraj Singh