| Monday, 5th June 2023, 10:58 am

ധോണിയുടേതല്ല, ആ ബുദ്ധിക്ക് പിന്നില്‍ എന്റെ തല, നിര്‍ദേശം ഞാന്‍ നല്‍കിയത്: സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത മത്സരങ്ങളിലൊന്നാണ് 2007 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ലീഗ് ഘട്ട പോരാട്ടം. നിശ്ചിത ഓവറില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞപ്പോള്‍ വിജയികളെ കണ്ടെത്താന്‍ ബോള്‍ ഔട്ടിലേക്ക് സംഘാടകര്‍ നീങ്ങി.

ഒരുവേള 36ന് നാല് എന്ന നിലയില്‍ ഉഴറിയ ഇന്ത്യയെ റോബിന്‍ ഉത്തപ്പയും ധോണിയും ഇര്‍ഫാന്‍ പത്താനും ചേര്‍ന്ന് നയിച്ചു. ഉത്തപ്പ 39 പന്തില്‍ നിന്നും അമ്പതടിച്ചപ്പോള്‍ 31 പന്തില്‍ നിന്നും 33 റണ്‍സുമായി ധോണിയും 15 പന്തില്‍ 20 റണ്‍സുമായി പത്താനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യ 141 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനായി മിസ്ബ ഉള്‍ ഹഖായിരുന്നു തകര്‍ത്തടിച്ചത്. 35 പന്തില്‍ നിന്നും 53 റണ്‍സുമായി മിസ്ബ തിളങ്ങി. ഒടുവില്‍ വിജയിക്കാനായി അവസാന രണ്ട് പന്തില്‍ ഒരു റണ്‍സ് എന്ന നിലയിലേക്ക് പാകിസ്ഥാനെത്തി.

ശ്രീശാന്തിന്റെ തകര്‍പ്പന്‍ ഡെലിവെറികള്‍ പാകിസ്ഥാനെ വിജയത്തിലെത്താതെ തടഞ്ഞു. അവസാന പന്തില്‍ സിംഗിളിനോടിയ മിസ്ബ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടായപ്പോള്‍ പാകിസ്ഥാന്‍ വീണു. തുടര്‍ന്നാണ് മത്സരം ബോള്‍ ഔട്ടിലേക്ക് നീങ്ങിയത്.

ബാറ്ററില്ലാത്ത സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റില്‍ പന്തെറിഞ്ഞ് കൊള്ളിക്കുകയാണ് ബൗളറുടെ ലക്ഷ്യം. ബൗളര്‍ക്കൊപ്പം വിക്കറ്റ് കീപ്പറും അമ്പയറും മാത്രമാണ് ഒപ്പമുണ്ടാവുക. അഞ്ച് വീതം ഡെലിവെറികള്‍ ഓരോ ടീം എറിയുകയും ഏറ്റവുമധികം തവണ വിക്കറ്റ് വീഴ്ത്തുന്ന ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് ബോള്‍ ഔട്ട്.

ഇന്ത്യക്കായി റോബിന്‍ ഉത്തപ്പ, വിരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ആദ്യ മൂന്ന് പന്തുകളും വിക്കറ്റില്‍ കൊള്ളിച്ചപ്പോള്‍ പാകിസ്ഥാന്റെ ആദ്യ മൂന്ന് ഡെലിവെറികളും വിക്കറ്റില്‍ കൊള്ളാതെ പോയി. യാസര്‍ അറാഫത്ത്, ഉമര്‍ ഗുല്‍, ഷാഹിദ് അഫ്രിദി എന്നിവരാണ് അവസരം നഷ്ടപ്പെടുത്തിയത്.

ബൗളര്‍മാര്‍ക്ക് പന്ത് നല്‍കാത്ത ധോണിയുടെ അന്നത്തെ തന്ത്രത്തെ എല്ലാവരും പുകഴ്ത്തിയിരുന്നു. എന്നാല്‍ ആ തന്ത്രം തന്റെ തലയില്‍ വിരിഞ്ഞതാണെന്ന് പറയുകയാണ് സേവാഗ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ആദ്യ മത്സരം തന്നെ ബോള്‍ ഔട്ടില്‍ കലാശിച്ചിരുന്നു. ഞാന്‍ എം.എസിനേട് (ധോണി) പറഞ്ഞു ആദ്യ പന്ത് ഞാന്‍ എറിയാമെന്ന്. വിക്കറ്റില്‍ കൊള്ളിക്കാമെന്ന് എനിക്ക് ആത്മവിശ്വാസമുള്ളതിനാല്‍ ഞാനത് ചെയ്യുമെന്ന് പറഞ്ഞു.

ബൗളര്‍മാര്‍ക്ക് പന്ത് നല്‍കരുതെന്നും ഞാന്‍ ധോണിയോട് പറഞ്ഞു. എന്തുകൊണ്ടെന്നായി ധോണി. അവരുടെ റണ്‍ അപ് എല്ലാം നശിപ്പിക്കുമെന്ന് ഞാനവനോട് പറഞ്ഞു.

ഞങ്ങള്‍ ഇത് വാം അപ്പിനിടെ പ്രാക്ടീസ് ചെയ്തിരുന്നു. അതുകൊണ്ട് അവര്‍ക്ക് ബോള്‍ ഔട്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. മറ്റു ടീമുകളെ കുറിച്ച് എനിക്കറിയില്ല,’ സേവാഗ് പറഞ്ഞു.

സേവാഗിന്റെ നിഗമനം ശരിവെക്കുന്ന പ്രകടനമായിരുന്നു പാകിസ്ഥാന്‍ ബൗളര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യാസര്‍ അറാഫത്തും ഉമര്‍ ഗുല്ലും ചെറിയ റണ്‍ അപ്പുമായെത്തി വിക്കറ്റില്‍ കൊള്ളിക്കാതെ മടങ്ങുകയായിരുന്നു.

Content Highlight: Virender Sehwag about bowl out against Pakistan in 2007 World Cup

We use cookies to give you the best possible experience. Learn more