ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തില്‍ ഒരിക്കലും മറക്കാനാകാത്ത ലോകകപ്പാണ് 2007ലേത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലായിരുന്നു ഈ ലോകകപ്പിന് ടീം ഇന്ത്യ ഇറങ്ങിയിരുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, എം.എസ്. ധോണി, അനില്‍ കുംബ്ലെ എന്നിവരുടെ വലിയ താരനിര ഈ ടീമിലുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഈ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു ഇന്ത്യയുടെ വിധി.
2007 എഡിഷനിലെ ഇന്ത്യന്‍ ടീം അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമായിരുന്നുവെന്ന് പറയുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
ഗൗരവ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. 2003ലെ ഫൈനല്‍ തോല്‍വിയേക്കാള്‍ കൂടുതല്‍ വേദനിപ്പിച്ചത് 2007ലെ പുറത്താകലായിരുന്നെന്നും സെവാഗ് പറഞ്ഞു.
‘2007 തോല്‍വി കൂടുതല്‍ വേദനിപ്പിച്ചു. 2007ലെ ഇന്ത്യന്‍ സ്‌ക്വാഡ് അക്കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു. കണക്കുകള്‍ നോക്കുമ്പോള്‍, അതിനേക്കാള്‍ മികച്ച ഒരു ടീമിനെ അന്ന് കണ്ടെത്താനാകില്ല.
2003ല്‍ നമ്മള്‍ ഫൈനലില്‍ തോറ്റു, 2011ല്‍ വിജയിച്ചു. പക്ഷേ നമുക്ക് ഇത്രയും വലിയ സ്‌ക്വാഡ് അന്നൊന്നും ഉണ്ടായിരുന്നില്ല,’ സെവാഗ് പറഞ്ഞു.
2007ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റതിന് പിന്നാലെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് പുറത്തുകടക്കേണ്ടിവന്നിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദുര്‍ബലരായ ബര്‍മുഡയോട് മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായിരുന്നത്.
അതേസമയം, മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പ് നേടുമ്പോള്‍ ടീമിലെ അംഗമായിരുന്നു സെവാഗ്. അതിനുശേഷം, 2015ലും 2019ലും തുടര്‍ച്ചയായ രണ്ട് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് തോല്‍വി നേരിടേണ്ടിവന്നു.
Content Highlight: Virender Sehwag about 2007 Cricket world cup squad