| Wednesday, 19th April 2023, 10:35 pm

ആ ഒരു കാര്യത്തില്‍ സഞ്ജുവിനേക്കാള്‍ എന്തുകൊണ്ടും മികച്ചവനാണ് രാഹുല്‍: വീരേന്ദര്‍ സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ശനിയാഴ്ച നടന്ന നടന്ന ഐ.പി.എല്‍ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു വിധിയെങ്കിലും തങ്ങളുടെ ക്യാപ്റ്റന്‍ ഫോമിലെത്തിയതിന്റെ ആശ്വാസത്തിലാണ് ലഖ്‌നൗ ക്യാമ്പ്. അതിന്റെ തുടര്‍ച്ചയായി രാജസ്ഥാനെതിരെയും സെന്‍സിബ്ള്‍ ഇന്നിങ്‌സാണ് കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. മറുവശത്ത് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും കഴിഞ്ഞ വര്‍ഷത്തെ മികവ് ആവര്‍ത്തിച്ചാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ കളി തുടരുന്നത്.

ഇതിനിടെ കഴിഞ്ഞദിവസം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററായിരുന്ന വീരേന്ദര്‍ സെവാഗ് ഇരുതാരങ്ങളെയും കുറിച്ച് നടത്തിയ പരാമര്‍ശം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ക്രിക്ബസില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് ഇരു നായകന്മാരെയും താരതമ്യപ്പെടുത്തി വീരു സംസാരിച്ചത്.

കെ.എല്‍. രാഹുല്‍ ഫോമില്‍ മടങ്ങിയെത്തിയത് ലഖ്‌നൗവിന് കളിയില്‍ മേല്‍ക്കോയ്മ നല്‍കുമെന്നാണ് വീരു പറഞ്ഞത്. കൂട്ടത്തില്‍ രാജസ്ഥാന്റെ ബോളിങ് നിര മികച്ചതാണെന്നും വീരു അഭിപ്രായപ്പെട്ടു.

‘കെ.എല്‍. രാഹുല്‍ ഫോമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ കാര്യം. കഴിഞ്ഞ മത്സരത്തില്‍ മികച്ച കളിയാണവന്‍ പുറത്തെടുത്തത്. ആരാധകര്‍ പ്രതീക്ഷിച്ചത്ര സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ അവന് പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്. മികച്ച ബൗളിങ് നിര രാജസ്ഥാനുണ്ടെങ്കിലും രാഹുല്‍ ഫോമിലെത്തിയാല്‍ അതൊന്നും മതിയാകില്ല,’ വീരു പറഞ്ഞു.

സഞ്ജു മികച്ച താരവും അതോടൊപ്പം മികച്ച ക്യാപ്റ്റനുമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. പക്ഷെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെടുക്കുന്ന കാര്യത്തിലാണെങ്കില്‍ സഞ്ജു സാംസണേക്കാള്‍ എന്തുകൊണ്ടും മികച്ചത് രാഹുലാണെന്നും വീരു പറഞ്ഞു.

‘ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെടുക്കുന്ന കാര്യത്തിലാണെങ്കില്‍ സഞ്ജു സാംസണേക്കാള്‍ എന്ത് കൊണ്ടും മികച്ചത് കെ.എല്‍. രാഹുലാണ്. അവന്‍ രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കുകയും സെഞ്ചറി നേടുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തിലും ടി-ട്വന്റിയിലും മികച്ച മത്സരങ്ങള്‍ അവന്‍ കളിച്ചിട്ടുണ്ട്. ഓപ്പണിങ്ങിലും മിഡില്‍ ഓഡിറിലും ഒരു പോലെ തിളങ്ങിയ താരമാണ് രാഹുല്‍,’ വീരു പറഞ്ഞു.

അതേസമയം ലഖ്‌നൗവിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 32 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും 24 പന്തില്‍ 22 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുമാണ് ക്രീസിലുള്ളത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ 154 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കെയ്ല്‍ മെയേര്‍സിന്റെ അര്‍ധസെഞ്ച്വറിയും 32 പന്തില്‍ 39 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെയും മികവിലാണ് ഭേദപ്പെട്ട ടോട്ടലിലേക്ക് ടീമെത്തിയത്.

Content Highlight: virendar sehwag says rahul is better than sanju samson

We use cookies to give you the best possible experience. Learn more