| Monday, 11th September 2023, 11:45 pm

ഇന്ത്യ ജയിച്ചാലും തോറ്റാലും 'ഭാരതം' വിട്ട് കളിയില്ല! സേവാഗിന് വീണ്ടും ട്രോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 356 റണ്‍സ് നേടിയരുന്നു എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ വെറും 128 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി.

മത്സരം ഇന്ത്യ വിജയിക്കുകയും ആരാധകര്‍ ആഘോഷമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ട്രോള്‍ വാങ്ങിക്കൂട്ടുവാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച കെ.എല്‍. രാഹുലിന്റെ വിരാട് കോഹ്‌ലിയുടെയും പ്രകടനത്തെ പുകഴ്ത്തി താരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാണ് അദ്ദേഹം ക്യാപ്ഷന്‍ നല്‍കിയത്. എന്നാല്‍ ഇത് ആരാധകര്‍ ഏറ്റെടുത്ത് ട്രോളുകയാണ്.

കഴിഞ്ഞ ദിവസം ബ്രീട്ടീഷുകാര്‍ നല്‍കിയ ഇന്ത്യ എന്ന പേര് വേണ്ടെന്നും ജേഴ്‌സിയില്‍ ഭാരത് എന്നാക്കണമെന്നും സേവാഗ് ട്വീറ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ആരാധകര്‍ അതിനുള്ള മറുപടി നല്‍കിയിരുന്നു എങ്കിലും താരം അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്.

‘ആമേസിങ് ഭാരത് ഇങ്ങനെയാണ് കളിക്കേണ്ടത്, വിരാടും രാഹുല്‍ അണ്‍സ്റ്റോപ്പബിളായിരുന്നു. 13000 ഏകദിന റണ്‍സ് തികച്ച വിരാടിന് അഭിനന്ദനം,’ എന്നായിരുന്നു സേവാഗ് ട്വീറ്റ് ചെയ്തത്.

അതേസമയം ഇന്ത്യക്കായി വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറി സ്വന്തമാക്കി.

94 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് വിരാട് തന്റെ ഇന്നിങ്‌സ് കെട്ടിപൊക്കിയത്. മധ്യ ഓവറുകള്‍ ആക്രമിച്ച് കളിച്ച രാഹുലിന്റെ ഇന്നിങ്‌സില്‍ 12 ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു. 147ന് രണ്ട് എന്ന നിലിയിലായിരുന്നു ഇന്നത്തെ മത്സരം ആരംഭിച്ചത്. മധ്യ ഓവറുകളില്‍ രാഹുല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് നങ്കൂരമിട്ട് ബാറ്റ് വീശി. എന്നാല്‍ അവസാന ഓവറുകളില്‍ വിരാട് തനിരൂപം പുറത്തെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പാകിസ്ഥാന്‍ ബൗളര്‍മാരെ നേരിടാന്‍ സാധിക്കില്ല എന്ന വാദം ഇതോടെ പൊളിച്ചടുക്കി കയ്യില്‍ കൊടുക്കുകയാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍.

Content Highlight: Virendar Sehwag Gets Trolled For Naming India As Bharat

We use cookies to give you the best possible experience. Learn more