ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയെ 18.5 ഓവറില്‍ 145 റണ്‍സിനാണ് കൊല്‍ക്കത്ത പിഴുതെറിഞ്ഞത്.
ഇതോടെ മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് വമ്പന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും വളരെ മോശം പ്രകനമാണ് താരം സീസണില്‍ കാഴ്ച വെക്കുന്നത്. വെറും ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍ദിക്കിനേയും ടീമിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്.
‘ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ സാധാരണയായി നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് പരിചയസമ്പന്നരായ കളിക്കാര്‍ അവസാനം കളിക്കുന്നത്? ഇത് ശരിക്കും അമ്പരപ്പിക്കുന്നതാണ്,’ വിരേന്ദര്‍ സേവാഗ് തുടര്‍ന്നു.
‘മാനേജ്മെന്റ് കളിക്കാരെ ചോദ്യം ചെയ്യുകയും അവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും വേണം. മറ്റൊരുതരത്തില്‍, കളിക്കാര്‍ എന്തുകൊണ്ടാണ് വ്യത്യസ്ത പൊസിഷനില്‍ ബാറ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സപ്പോര്‍ട്ട് സ്റ്റാഫ്, ബാറ്റിങ് കോച്ച്, ബൗളിംഗ് കോച്ച്, ക്യാപ്റ്റന്‍ എന്നിവരുടെ പിഴവാണിത്. ഉടമകള്‍ കടുത്ത ചോദ്യങ്ങള്‍ ചോദിക്കണം, ഇത് വളരെ വിചിത്രമാണ്,’ അദ്ദേഹം പറഞ്ഞു.
മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. മറ്റുള്ള താരങ്ങള്‍ക്കൊന്നും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.
മത്സരത്തില്‍ രോഹിത് ശര്‍മ 12 പന്തില്‍ 11 റണ്‍സ് നേടിയാണ് പുറത്തായത്. സുനില്‍ നരേന്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ മനീഷ് പാണ്ട്യക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.
Content Highlight: Virendar Sehwag Criticize Hardik Pandya And Mumbai Indians