ലോകകപ്പിലെ എക്കാലത്തെയും മികച്ച ബാറ്റര്‍, ഒമ്പത് ലോകകപ്പ് കളിച്ച ഒരേയൊരു കളിക്കാരന്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രശംസയുമായി സെവാഗ്
Sports News
ലോകകപ്പിലെ എക്കാലത്തെയും മികച്ച ബാറ്റര്‍, ഒമ്പത് ലോകകപ്പ് കളിച്ച ഒരേയൊരു കളിക്കാരന്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രശംസയുമായി സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2024, 6:57 pm

17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ഐ.സി.സി ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിനാണ് ഇന്ത്യയോട് തലകുനിച്ചത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ഇന്ത്യയെ പവര്‍ ബൗളിങ് യൂണിറ്റാണ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് വിരാട് കോഹ് ലിയും രോഹിത് ശര്‍മയുമായിരുന്നു. രോഹിത് 9 റണ്‍സിന് പുറത്തായപ്പോള്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാടാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കളിയിലെ താരവും വിരാടായിരുന്നു.

എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വിരാടും ക്യാപ്റ്റന്‍ രോഹിത്തും ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും മിന്നും പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ഇപ്പോള്‍ വിരാടിനെയും രോഹിത് ശര്‍മയെയും പ്രശംസിച്ചുകൊണ്ട് എക്‌സില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ്. ടീമിന്റെ വിജയത്തില്‍ രോഹിത്തും വിരാടും നല്‍കിയ സംഭാവനകളെ കുറിച്ച് സംസാരിക്കുകയായിരുന്നു സെവാഗ്.

‘ടി-20 ലോകകപ്പ് ബാറ്റര്‍ വിരാടിനെക്കുറിച്ച് എന്താണ് ഞാന്‍ പറയേണ്ടത്. ടി-20 ലോകകപ്പിലെ എക്കാലത്തെയും മികച്ച ബാറ്റര്‍, 2014ലും 2016ലും നിര്‍ണായകഘട്ടത്തില്‍ ടീമിനെ വിജയിപ്പിച്ച ഗെയിമുകള്‍, 2022ല്‍ മെല്‍ബണ്‍ നമ്മുടെ ടി-20 ചരിത്രത്തിന്റെ നാടോടിക്കഥകളില്‍ ഇടംപിടിക്കും, ഇന്നലെ വീണ്ടും തന്റെ ക്ലാസ് കാണിക്കുന്ന ഫൈനലില്‍. അദ്ദേഹത്തിന്റെ ടി-20 കരിയര്‍ അതിന്റ മികച്ച അവസാനത്തിലാണ്. മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും അവന് ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’സെവാഗ് വിരാട് കോഹ്‌ലിയെക്കുറിച്ച് എഴുതി.

‘ഒമ്പത് ടി-20 ലോകകപ്പുകളും കളിച്ചിട്ടുള്ള ഒരേയൊരു കളിക്കാരനാണ് രോഹിത്. തന്റെ കളിയെ കൂടുതല്‍ ആക്രമണാത്മകമായി മാറ്റിയതും ടീമിനുള്ളില്‍ കരുതലുള്ള അന്തരീക്ഷം സൃഷ്ടിച്ചതും വളരെയധികം മതിപ്പുളവാക്കി. അത് വിജയിക്കുകയും ചെയ്തു. നിങ്ങള്‍ എങ്ങനെ പിടിച്ചുനിന്നു എന്നത് അഭിമാനകരമാണ്. വരാനിരിക്കുന്ന സമയങ്ങളില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു,’ സെവാഗ് എഴുതി.

 

Content Highlight: Viredar Sehwag Talking About Rohit Sharma And Virat Kohli