മുംബൈ: 2006ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. മുംബൈ മക്കോക്ക കോടതി ജഡ്ജി യതിന്‍ ഷിന്റേയുടേതാണ് വിധി.
ഫൈസല്‍ ഷെയ്ക്ക്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇസ്തിഷാന്‍ സിദ്ദുഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. വിവിധ ട്രെയിനുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചത് ഇവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ.
ബോംബുകള്‍ക്കു ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് തയ്യാറാക്കിയ മുഹമ്മദ് സാജിദ് അന്‍സാരി, ബോംബ് നിര്‍മ്മിക്കുന്നതിനായി തന്റെ വീടു വിട്ടുനല്‍കിയ മുഹമ്മദ് അലി, ഗൂഢാലോചകരിലൊരാളായ ഡോ. തന്‍വീര്‍ അന്‍സാരി എന്നിവരാണ് മറ്റു പ്രതികള്‍. തന്‍വീര്‍ അന്‍സാരിയുടെ വീട്ടില്‍ നിന്നും ബോംബു നിര്‍മ്മിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന കെമിക്കലുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 12 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 11 കോടതി കണ്ടെത്തിയിരുന്നു. അബ്ദുല്‍ വാഹിദ് ദിന്‍ മുഹമ്മദ് ഷെയ്ക്ക് എന്നയാളെ വെറുതെ വിടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം സ്‌ഫോടക വസ്തു നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ വിരുദ്ധ നിയമം, ഇന്ത്യന്‍ റെയില്‍വേ നിയമം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളിലാണ് പ്രതികള്‍ തെറ്റുകാരെന്നു കോടതി കണ്ടെത്തിയത്.
ഇവര്‍ക്കു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച വാദത്തില്‍ എട്ടുപേര്‍ക്കു വധശിക്ഷയും നാലു പേര്‍ക്ക് ജീവപര്യന്തവും നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മരണത്തിന്റെ വ്യാപാരികളായ എട്ടുപേര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് അഞ്ചുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
2006 ജൂലൈ 11 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകുന്നേരം തിരക്കേറിയ ലോക്കല്‍ ട്രെയിനുകളെ ലക്ഷ്യമിട്ട് 11 മിനിറ്റിനിടെ ഏഴു സ്‌ഫോടനങ്ങളാണ് നടന്നത്.