ന്യൂദല്‍ഹി: ഐ.പി എല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കി. ശ്രീശാന്തടക്കമുള്ളവരെ കോടതി വെറുതെ വിട്ടു. ശ്രീശാന്തിന് വലിയ വിജയമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. എല്ലാവരോടും നന്ദിയുണ്ടെന്നാണ് ശ്രീശാന്തിന്റെ ആദ്യ പ്രതികരണം.
കേസന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിധി പറയുന്നത് മാറ്റിവെയ്ക്കണമെന്നും ദല്‍ഹി പോലീസ് അഭിഭാഷകന്‍ ഇന്ന് രണ്ട് മണിക്ക് കോടതി ചേര്‍ന്നപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് വിധി നാല് മണിയിലേക്ക് നീട്ടിയത്. വളരെ അപ്രതീക്ഷിതമായ നീക്കമായിരുന്നു ദല്‍ഹി പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്.
പല തവണ മാറ്റിവെച്ച കേസിലാണ് ഇപ്പോള്‍ നിര്‍ണായക വിധി വന്നിരിക്കുന്നത്. ലോകകപ്പ് കളിക്കുന്ന ദിവസത്തേക്കാള്‍ പ്രധാനമാണ് തനിക്ക് ഈ ദിവസം എന്നായിരുന്നു വിധി വരുന്നതിന് മുമ്പുള്ള ശ്രീശാന്തിന്റെ പ്രതികരണം.
2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ദല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ 42 പ്രതികളില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും (മക്കോക്ക) വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ മക്കോക്ക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ശ്രീശാന്ത് വാദിക്കുന്നത്.
മക്കോക്ക വകുപ്പ് ചുമത്താന്‍ മതിയായ തെളിവുകളെവിടെയെന്ന് കേസ് പരിഗണിക്കുന്നതിനിടെ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിനു കൃത്യമായ വിശദീകരണം നല്‍കാന്‍ ദല്‍ഹി പോലീസിനു കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ കുറ്റസമ്മതമൊഴിയും അടിസ്ഥാനമാക്കിയാണ് മക്കോക്ക ചുമത്തിയതെന്നാണ് ദല്‍ഹി പോലീസ് പറഞ്ഞത്.