| Monday, 13th March 2023, 4:33 pm

നിങ്ങൾ നോക്കിക്കോ; വിരാട് 125 സെഞ്ച്വറി കണ്ണും പൂട്ടി അടിച്ചിരിക്കും: ഹർഭജൻ സിങ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ അവസാന മത്സരം സമനിലയിലേക്കെന്ന നിലയിൽ മുന്നേറുകയാണ്. നിലവിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ 2-1 നിലയിൽ ടീം ഇന്ത്യ ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മുത്തമിടും.

എന്നാൽ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നീണ്ട കാലയളവിന് ശേഷം ഒരു സെഞ്ച്വറി നേടാൻ കഴിഞ്ഞ വിരാടിന് വലിയ അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ക്രിക്കറ്റ്‌ വിദഗ്ധരിൽ നിന്നും ലഭിക്കുന്നത്.

364 പന്തുകൾ നേരിട്ട വിരാട് 186 റൺസാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. 12 ബൗണ്ടറികളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ഓസീസിന്റെ ഇന്നിങ്സ്.

എന്നാലിപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ 75 സെഞ്ച്വറികൾ നേടിയ വിരാട് തന്റെ മൊത്തം രാജ്യാന്തര സെഞ്ച്വറികളുടെ എണ്ണം 125ലെത്തിക്കും എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്‌.

“100 രാജ്യാന്തര സെഞ്ച്വറികളൊക്കെ വിരാട് എളുപ്പത്തിൽ സ്കോർ ചെയ്യും എന്നത് സംശയാതീതമായ കാര്യമാണ്. അദ്ദേഹത്തിന് 34 വയസുണ്ട്, പക്ഷെ ഇപ്പോഴും 24 കാരന്റെ ശരീരപ്രകൃതിയാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇനിയൊരു 50 സെഞ്ച്വറികളൊക്കെ വളരെ വേഗത്തിൽ സ്വന്തമാക്കാൻ വിരാടിന് സാധിക്കും,’ ഹർഭജൻ സിങ്‌ പറഞ്ഞു.

“വിരാടിന് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും മികവോടെ കളിക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ ഫിറ്റ്നസ് താരത്തിന് വലിയ അഡ്വാൻടേജ് നൽകുന്നുണ്ട്. ഞാൻ സത്യസന്ധമായി പറയുകയാണ്. ഈ പ്രായത്തിൽ ഇത്ര മികവോടെ ബാറ്റ് വീശാൻ വിരാടിന് മാത്രമേ സാധിക്കുകയുള്ളൂ,’ ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസിനൊപ്പം ഫൈനലിൽ കടന്നിരിക്കുകയാണ് ടീം ഇന്ത്യ. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം ഉറപ്പായത്.

Content Highlights: Virat will score 125 centuries in his international career said Harbhajan Singh

We use cookies to give you the best possible experience. Learn more