| Saturday, 4th February 2023, 11:17 pm

ആ ഓസ്ട്രേലിയൻ താരത്തിനെതിരെ കളിക്കുമ്പോൾ വിരാട് വലിയ പരാജയം;ആർ.സി.ബി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കിവീസിനെതിരായ പരമ്പര വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ടീം ഓസ്ട്രേലിയക്കെതിരായ മത്സരത്തിനായി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 9നാണ് ഓസിസ് ടീമിനെതിരെയുള്ള ഇന്ത്യയുടെ ചതുർദിന ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നാൽ ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടും.

മത്സരത്തിൽ സ്പിൻ പിച്ചായിരിക്കും ഓസ്ട്രേലിയയെ വീഴ്ത്താനായി ഇന്ത്യ ഒരുക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന ജീവനുള്ള പിച്ചുകൾ ഒരുക്കാൻ ക്യൂറേറ്റർമാർക്ക് ദ്രാവിഡും രോഹിത് ശർമയും നിർദേശം നൽകിയതായുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാൽ ഓസ്ട്രേലിയൻ സ്പിന്നർമാരെ നേരിടുക ഇന്ത്യൻ ടീമിന് പ്രയാസകരമായിരിക്കുമെന്നും ഓസിസ് സ്പിന്നർ നേഥന്‍ ലിയോണിനെ നേരിടാൻ കോഹ് ലി വിയർക്കുമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകനായ സഞ്ജയ്‌ ബംഗാർ.

വിരാട് ബാറ്റിങ് നിരയെ നയിക്കുമ്പോൾ ലിയോണായിരിക്കും ഓസിസ് ബോളിങ് നിരയുടെ കുന്തമുനയാവുകയെന്നും അഭിപ്രായപ്പെട്ട ബംഗാർ എന്നാൽ കോഹ് ലിക്ക് ലിയോണിന്റെ മുന്നിൽ വിറക്കേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടു.

“വിരാടിന് ലിയോണിനെ നേരിടാൻ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. അതിലൊന്ന് വിരാട് ക്രീസിന് വെളിയിലിറങ്ങി കളിക്കുന്നില്ലെന്നതാണ്. രണ്ടാമത്തെത് സ്വീപ്പ് ഷോട്ടുകൾ കളിക്കുന്നതിലുള്ള വിരാടിന്റെ മികവില്ലായ്മയാണ്,’ ബംഗാർ അഭിപ്രായപ്പെട്ടു.

“വിരാട് അദ്ദേഹത്തിന്റെ സമീപനത്തിൽ മാറ്റം കൊണ്ട് വരണം. ഏകദിനത്തിൽ അദ്ദേഹം സ്പിന്നർമാരെ വശംകെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. അത് ടെസ്റ്റിലും വിരാട് ആവർത്തിക്കേണ്ടതുണ്ട്,’ ബംഗാർ കൂട്ടിച്ചേർത്തു.

അതേസമയം ഏറെ നാളത്തെ മോശം ഫോമിന് ശേഷം മികവോടെയാണ് വിരാട് സമീപ കാലങ്ങളിൽ മത്സരിക്കുന്നത്.

ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടൻ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights:Virat was a big failure when playing againstNathan Lyon; said Sanjay Bangar

We use cookies to give you the best possible experience. Learn more