മുംബൈ: എം.എസ് ധോണിയുടെ വിരമിക്കല്‍ ഇന്ന് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയിലെ പ്രകടനത്തിന് ശേഷമാണ് ചര്‍ച്ച കൂടുതല്‍ സജീവമായത്. താരത്തെ പിന്തുണച്ചും എതിര്‍ത്തുമൊക്കെ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ധോണിയ്ക്ക് ഉപദേശവുമായി മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്.
ട്വന്റി-20 കുറേക്കൂടി വ്യത്യസ്തമായി സമീപിക്കാനാണ് ധോണിയ്ക്ക് ദാദയുടെ ഉപദേശം. കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയോട് ധോണിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തോട് സംസാരിക്കണമെന്നും ദാദ പറയുന്നു.
“ഏകദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ധോണിയുടെ പ്രകടനം ട്വന്റി-20യില്‍ അത്ര നല്ലതല്ല. കോഹ് ലിയും ടീം മാനേജുമെന്റും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വന്റി-20യെ ധോണി വ്യത്യസ്തമായി സമീപിച്ചാല്‍ അയാള്‍ക്ക് വിജയിക്കാന്‍ സാധിക്കും.” ദാദ പറയുന്നു.
അതേസമയം, ഏകദിനത്തില്‍ ധോണിയ്ക്ക് ഇനിയും ബാല്യമുണ്ടെന്നാണ് സൗരവ് പറയുന്നത്. ” ഏകദിനങ്ങള്‍ കളിക്കുന്നത് അയാള്‍ തുടരണമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ ട്വന്റി-20 കുറേക്കൂടി ഫ്രീയായി കളിക്കണം. എങ്ങനെ അയാളെ കളിപ്പിക്കണം എന്നത് സെലക്ടര്‍മാരുടെ തീരുമാനം പോലിരിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തന്റെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രതികരണവുമായി ധോണി രംഗത്ത് എത്തിയിരുന്നു.
ജീവിതത്തില്‍ എല്ലാവര്‍ക്കും അവരവരുടെ കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരിക്കും എന്നായിരുന്നു ധോണിയുടെ മറുപടി. തന്റെ മുഖമുദ്രയായ ശാന്തത കൈയ്യൊഴിയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും. ലക്ഷ്മണിന് പിന്നാലെ അജിത് അഗാര്‍ക്കറും ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ വിഷയം വന്‍ ചര്‍ച്ചയായിരുന്നു.
“ജീവിതത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായാ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകും. അതിനെ മാനിച്ചേ മതിയാകൂ.” എന്നായിരുന്നു മുന്‍ താരങ്ങളുടെ പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധോണി നല്‍കിയ മറുപടി. 2007 ട്വന്റി-20 ലോകകപ്പോടെ ആരംഭിച്ച ധോണിയുഗത്തിലായിരുന്നു ഇന്ത്യ രണ്ടാമതും ഏകദിന ലോകകപ്പ് ജേതാക്കളായത്. ഐ.സി.സിയുടെ എല്ലാ കിരീടങ്ങളും ഇന്ത്യന്‍ ക്യാമ്പിലെത്തിച്ച ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം കരിയര്‍ ഗ്രാഫ് താഴോട്ട് പതിക്കുകയായിരുന്നു. കഴിഞ്ഞ ന്യൂസിലാന്റ് പരമ്പരകളിലെ താരത്തിന്റെ പ്രകടനം നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.
” ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക എന്നതു തന്നെ വലിയ പ്രചോദനമാണ്. ദൈവാനുഗ്രഹമില്ലാത്ത താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്. അതിന് കാരണം അഭിനിവേശമാണ്. അതാണ് പരിശീലകര്‍ കണ്ടെത്തേണ്ടതും. എല്ലാവരും രാജ്യത്തിന് വേണ്ടി കളിക്കുന്നവരാകില്ല.” ധോണി പറയുന്നു.
“റിസള്‍ട്ടിനെക്കാള്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് പ്രക്രിയയ്ക്കാണ്. റിസള്‍ട്ടിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. 10,14 അല്ലെങ്കില്‍ അഞ്ച് റണ്‍സ്, എത്രയാണോ ജയിക്കാന്‍ വേണ്ടത് ആ സമയത്ത് എന്തു ചെയ്യാം എന്നതിനെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളത്.” തന്റെ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.