| Tuesday, 23rd May 2023, 6:55 pm

ഐ.പി.എല്ലില്‍ നിന്നും പുറത്തായതിന് പിന്നാലെ വിരാട് ഇംഗ്ലണ്ടിലേക്ക്; ലക്ഷ്യം വളരെ വലുത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ വിരാട് കോഹ്‌ലി ഇംഗ്ലണ്ടിലേക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള മുന്നൊരുക്കത്തിനാണ് താരം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്.

വിരാടിനൊപ്പം ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട് എന്നിവരും യാത്രയിലുണ്ട്. റിസര്‍വ് താരമായ മുകേഷ് കുമാറും ഇവര്‍ക്കൊപ്പമുണ്ട്. നിലവില്‍ കൗണ്ടി കളിക്കുന്ന ചേതേശ്വര്‍ പൂജാര ഒരാഴ്ചക്കകവും ശേഷിക്കുന്ന താരങ്ങള്‍ ഐ.പി.എല്ലിന് ശേഷവും സ്‌ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

നെറ്റ് ബൗളേഴ്‌സായി അനികേത് ചൗധരി, ആകാശ് ദീപ്, യാറ പൃഥ്വിരാജ് എന്നിവരും സ്‌ക്വാഡിനൊപ്പം ചേരും.

ഉമേഷ് യാദവിന്റെയും ഉനദ്കടിന്റെയും ഫിറ്റ്‌നെസ്സില്‍ ആശങ്കയുണ്ടെങ്കിലും ഇരുവരും ഫിറ്റ്‌നെസ് ടെസ്റ്റില്‍ പസായെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

കഴിഞ്ഞ തവണ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോല്‍ക്കേണ്ടി വന്നതിന്റെ നിരാശയാകും ഓവലിലേക്കിറങ്ങുമ്പോള്‍ ഇന്ത്യയുടെ മനസിലുണ്ടാവുക. നാളുകള്‍ക്ക് ശേഷമുള്ള ഐ.സി.സി ട്രോഫി എന്ന ലക്ഷ്യം തന്നെയാകും ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ടാകും. പരമ്പരയില്‍ ആവര്‍ത്തിച്ച ഡോമിനന്‍സ് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മെന്‍ ഇന്‍ ബ്ലൂവിന് വെന്നിക്കൊടി പാറിക്കാം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, കെ.എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്.

Content Highlight: Virat leaves for England for World Test Championship final after getting out of IPL

We use cookies to give you the best possible experience. Learn more