| Saturday, 16th July 2022, 7:27 pm

ഇനിയും ഉയരൂ; ബാബറിന് മറുപടിയുമായി വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ബാറ്റിങ്ങിലെ മോശം പെര്‍ഫോമന്‍സ് മൂലം നിശിതമായി വിമര്‍ശിക്കപ്പെടുന്ന താരമാണ്, ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കുന്തമുനയായിരുന്ന വിരാട് കോഹ്‌ലി. 33 കാരനായ കോഹ്‌ലി വിരമിക്കാന്‍ സമയമായി എന്ന് പറയുന്നവരില്‍ ക്രിക്കറ്റിലെ പ്രമുഖരുമുണ്ട്. കപില്‍ ദേവിനെ പോലെയുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളാണ് വിരാടിനെ വിമര്‍ശിക്കുന്നവരില്‍ മുന്‍പന്തിയില്‍. ഇതിനിടയില്‍ കഴിഞ്ഞ ദിവസം വിരാടിന് പിന്തുണയുമായി പാക് താരം ബാബര്‍ അസം രംഗത്ത് വന്നത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.

ഈ സമയവും കടന്നുപോകും എന്ന പ്രശസ്ത വരികളാണ് വിരാടുമൊത്ത് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ബാബര്‍ ട്വീറ്റ് ചെയ്തത്. ബാബറിന്റെ ട്വീറ്റ് പിന്നാലെ ട്രെന്‍ഡിങ് ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാബറിന് മറുപടി നല്‍കിയിരിക്കുകയാണ് വിരാട്.

‘നന്ദി, ഇനിയും തിളങ്ങൂ, ഇനിയും ഉയരൂ. താങ്കള്‍ക്ക് എല്ലാവിധ ആശംസകളും,’ എന്നാണ് വിരാട് ബാബര്‍ അസമിന് മറുപടി നല്‍കിയത്.

അതേസമയം ഇന്ന് വിരാട് പങ്കുവെച്ച ചിത്രവും ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ചിറകുകളുടെ പെയ്ന്റിങ്ങിനൊപ്പം ഇരിക്കുന്ന ചിത്രമാണ് വിരാട് പങ്കുവെച്ചത്. ‘വീണുപോയാല്‍ എന്തു ചെയ്യും, പ്രിയരെ പറക്കുകയാണെങ്കിലോ,’ എന്നാണ് ചിറകിനൊപ്പമുള്ള വാചകങ്ങള്‍. കാഴ്ചപ്പാട് എന്നാണ് ഈ ചിത്രത്തിന് വിരാട് നല്‍കിയ ക്യാപ്ഷന്‍.

നിങ്ങള്‍ വര്‍ഷങ്ങളോളം ചെയ്തത് പലര്‍ക്കും സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കൂ എന്നാണ് ഇംഗ്ലണ്ട് ഇതിഹാസം പീറ്റേഴ്‌സണ്‍ ചിത്രത്തിന് നല്‍കിയ കമന്റ്. പറക്കാന്‍ വേണ്ടി ജനിച്ചവനാണ്, അദ്ദേഹത്തെ ഒരിക്കലും സംശയിക്കരുത് എന്നാണ് രണ്‍വീര്‍ ട്വീറ്റിന് കമന്റ് ചെയ്തത്.

വിമര്‍ശകര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് കോഹ്‌ലി.

Content Highlight: Virat kphli has replied to Babar azam tweet 

Latest Stories

We use cookies to give you the best possible experience. Learn more