ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി.
ഗാല്‍വാന്‍ താഴ് വരയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരോടുള്ള ആഗാധമായ ആദരവ് അറിയിച്ചുകൊണ്ടാണ് കോഹ്‌ലി ട്വീറ്റ് ചെയ്തിരിക്കുന്നത്.
”ഗാല്‍വാന്‍ താഴ്വരയില്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് അഭിവാദ്യങ്ങളും അഗാധമായ ആദരവും. ഒരു സൈനികനെക്കാള്‍ നിസ്വാര്‍ത്ഥനും ധീരനുമായ ആരും ഇല്ല. കുടുംബങ്ങളെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ അവര്‍ സമാധാനം കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ സംഘര്‍ഷപ്രദേശത്ത് നിന്ന് ഇരുസൈന്യങ്ങളും പിന്‍വാങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമം തുടങ്ങിയതില്‍ യു.എന്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക