ബര്‍മിങ്ങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് നായകന്‍ കോഹ്‌ലിക്കും പങ്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍. തോല്‍വിയുടെ ഉത്തരവാദിത്തം കോഹ്‌ലി കൂടി ഏറ്റെടുക്കണമെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ട മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോഹ്‌ലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോഴാണ് നാസര്‍ ഇത്തിരത്തിലൊരു അഭിപ്രായവുമായി രംഗത്തെത്തിയത്.
“രണ്ടാം ഇന്നിങ്‌സില്‍ ആദില്‍ റഷീദും സാം കറനും ബാറ്റു ചെയ്യാനെത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഈ സമയത്താണ് ഒരു മണിക്കൂറോളം ബോളിങ്ങില്‍നിന്ന് രവിചന്ദ്രന്‍ അശ്വിനെ മാറ്റിനിര്‍ത്തിയത്. അശ്വിന്‍ തിരിച്ചെത്തിയപ്പോഴേക്കും ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കോഹ്‌ലി ശരിക്ക് ചിന്തിക്കണം. ഇരുപതു വയസ്സു മാത്രം പ്രായമുള്ള ഒരു ഇടംകയ്യന്‍ താരം ക്രീസില്‍ നില്‍ക്കുമ്പോള്‍, ഇടംകയ്യന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിനെ ബോള്‍ ചെയ്യിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്”. നാസര്‍ ഹുസൈന്‍ ചോദിക്കുന്നു.
കളിയില്‍ കോഹ്ലിയുടെ പ്രകടനം ഉജ്വലമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ പ്രകടനം കോഹ്‌ലിയുടെ ടീമിനെ വിജയികളുടെ പക്ഷത്ത് നിര്‍ത്തേണ്ടതായിരുന്നു. കളിയില്‍ പിന്നാക്കം പോയ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന് പൊരുതാവുന്ന നിലയിലെത്തിച്ചത് കോഹ്‌ലി ഒറ്റയ്ക്കാണ്. എങ്കിലും തോല്‍വിയിലും കോഹ്‌ലിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് എന്റെ അഭിപ്രായമെന്നും ഹുസൈന്‍ പറഞ്ഞു.
മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സാം കറന്റെ പ്രകടനം ഇംഗ്ലണ്ട് ജയത്തിന് കാരണമായെന്നും നാസര്‍ പറഞ്ഞു. ഒന്നാം ടെസ്റ്റില്‍ കോഹ്‌ലി 200 റണ്‍സ് നേടിയെന്ന് ഇന്ത്യക്കാര്‍ പറഞ്ഞേക്കാം. എങ്കിലും ഈ മല്‍സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് വെറും ഇരുപതു വയസ്സ് മാത്രം പ്രായമുള്ളൊരു പയ്യനാണെന്നും അതൊരു വലിയ നേട്ടമാണെന്നും നാസര്‍ പറഞ്ഞു.
“രണ്ട് ഇന്നിങ്‌സിന്റെയും ദിശ മാറ്റിയതും കറനായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സ് എടുത്തപ്പോഴാണ് കറന്‍ ബോള്‍ ചെയ്യാനെത്തുന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു. രണ്ടാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 87 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന്റെ രക്ഷകനായതും കറന്‍ തന്നെയാണ്” ഹുസൈന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് പ്രകടനത്തിന് പിന്നാലെ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്ന് കോഹ്ലി ഒന്നാമതെത്തി. ഇതാദ്യമായാണ് കോഹ്ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2011 ല്‍ സച്ചിനുശേഷം റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍താരമാണ് കോഹ്ലി. ഒന്നാം റാങ്കിംഗിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍കൂടിയാണ് കോഹ്ലി.