വീരനായി വിരാട്; രാജാവിന്റെ തലയിൽ മറ്റൊരു പൊൻതൂവൽ കൂടി
Cricket
വീരനായി വിരാട്; രാജാവിന്റെ തലയിൽ മറ്റൊരു പൊൻതൂവൽ കൂടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 7:40 pm

2023 ഐ.സി.സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി സ്വന്തമാക്കി. തന്റെ കരിയറില്‍ നാലാം തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കുന്നത്.

ഈ അവാര്‍ഡ് നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. നാല് തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തരാമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ഇതിന് മുമ്പ് 2012, 2017, 2018 എന്നീ വര്‍ഷങ്ങളിലാണ് കോഹ്ലി ഈ അവാര്‍ഡ് സ്വന്തമാക്കിയത്. മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് കോഹ്‌ലി മറികടന്നത്.

2023ല്‍ വിരാട് ഏകദിനത്തില്‍ മിന്നും ഫോമിലാണ് കളിച്ചത്. ഇന്ത്യയില്‍ വെച്ച് നടന്ന കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും 765 റണ്‍സാണ് കോഹ്‌ലി നേടിയത്. ഇതിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഐ.സി.സി മെന്‍സ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് കോഹ്‌ലി നേടിയത്. 95.62 ആയിരുന്നു താരത്തിന്റെ ശരാശരി. ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായി മാറാനും കോഹ്‌ലിക്ക് സാധിച്ചു. 49 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടമായിരുന്നു വിരാട് മറികടന്നത്. ഈ മിന്നും പ്രകടനങ്ങള്‍ കോഹ്‌ലിയെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡിന് അര്‍ഹനാക്കുകയും ചെയ്തു.

2023ല്‍ 36 ഇന്നിങ്ങ്‌സുകളില്‍ നിന്നും 2048 റണ്‍സാണ് കോഹ്‌ലി നേടിയത്. ലോകകപ്പിലെ സെഞ്ച്വറികള്‍ക്ക് പുറമെ എട്ട് സെഞ്ച്വറികളാണ് കോഹ്‌ലി സ്വന്തം പേരിലാക്കി മാറ്റിയത്.

Content Highlight: Virat Kohli won the ICC ODI cricketer of the year award 2023.