ഓസീസിനെതിരായ പ്രകടനം; ബാറ്റിങ്ങ് മികവിനല്ല, കോഹ്‌ലിക്ക് ബി.സി.സി.ഐയുടെ പുതിയ സമ്മാനം
Cricket
ഓസീസിനെതിരായ പ്രകടനം; ബാറ്റിങ്ങ് മികവിനല്ല, കോഹ്‌ലിക്ക് ബി.സി.സി.ഐയുടെ പുതിയ സമ്മാനം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th October 2023, 8:11 pm

ഐ.സി.സി ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ഈ മത്സരത്തിലെ മികച്ച ഫീൽഡർക്കുള്ള മെഡൽ തേടിയെത്തിയത് മറ്റാരെയുമല്ല ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലിയെയായിരുന്നു. മത്സരത്തിൽ മികച്ച ഫീൽഡിങ് പ്രകടനമാണ് വിരാട് കോഹ്‌ലി കാഴ്ചവെച്ചത്.

ഓസ്ട്രേലിയയുടെ ബാറ്റർ മിച്ചൽ മാർഷിനെ പുറത്താക്കാൻ വേണ്ടി താരം ഒരു മികച്ച ക്യാച്ച് നേടിയിരുന്നു. ഈ പ്രകടനത്തിലൂടെയാണ് താരത്തിന് ബെസ്റ്റ് ഫീഡർ ഓഫ് ദി മാച്ച് അവാർഡ് നേടിക്കൊടുത്തത്.

ഏകദിന ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീം പുതിയതായി കൊണ്ടുവന്ന ഒരു സംരംഭമാണ് ബെസ്റ്റ് ഫീൽഡർ ഓഫ് ദ മാച്ച് അവാർഡ്. ഫീൽഡിങ്ങിൽ കൂടുതൽ പ്രാധാന്യം നൽകുവാനും അതുവഴി താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും അവസരം നൽകുകയായിരുന്നു ബി.സി.സി.ഐയുടെ ലക്ഷ്യം.

ഓരോ മത്സരം കഴിയുമ്പോഴും മികച്ച ഫീൽഡർമാർക്ക് മെഡൽ നൽകാനായിരുന്നു മാനേജ്മെന്റ് തീരുമാനം. അതുകൊണ്ടുതന്നെ ഈ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനും വിരാടിന് സാധിച്ചു. മെഡൽ നേടിക്കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ നീങ്ങുന്ന വിരാട് കോഹ്‌ലിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ബെസ്റ്റ് ഫീൽഡർ ഓഫ് ദി മാച്ച് അവാർഡിനെക്കുറിച്ച് ഇന്ത്യൻ ഫീൽഡിങ് പരിശീലകനും പ്രതികരിച്ചു.

‘ഞങ്ങൾ ടീമിന്റെ സ്ഥിരതയുമാണ്‌ ആഗ്രഹിക്കുന്നത്. അതുകൊണ്ട് മികച്ച ഫീൽഡർമാർക്ക് ഞങ്ങൾ മെഡൽ നൽകുന്നു. മെഡൽ നൽകുന്നതിലൂടെ അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഫോം നിലനിർത്താനും സാധിക്കും,’ ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ടി ദിലീപ് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 199 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യൻ ബൗളിങ് നിരയിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ റൺസ് ഒന്നും നേടാനാവാതെ പവലിയനിയിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യൻ ടീം സമ്മർദ്ദത്തിൽ ആവുകയായിരുന്നു എന്നാൽ കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയും ആറ് വിക്കറ്റിന്റെ വിജയം ഇന്ത്യക്ക് നേടിക്കൊടുക്കുകയും ചെയ്തു.

ഫീൽഡിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ഇന്ത്യൻ മുന് നായകൻ കാഴ്ചവച്ചത്. 116 പന്തിൽ നിന്നും 85 റൺസ് ആണ് കോഹ്‌ലി നേടിയത്.

Content Highlight: Virat kohli won best fielder of the match award.