| Monday, 1st January 2024, 3:29 pm

മെസിയെ വെട്ടിയ വിരാട് മാജിക്, മെസിയെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ട്; പുരസ്‌കാര നിറവില്‍ ഇന്ത്യന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

പ്യൂബിറ്റി മെയ്ല്‍ അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി വിരാട് കോഹ്‌ലി. അര്‍ജന്റൈന്‍ നായകനും ഫുട്‌ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസിയെ മറികടന്നുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

മെസിക്കും വിരാടിനും പുറമെ നൊവാക് ദ്യോകോവിച്ച്, പാറ്റ് കമ്മിന്‍സ്, ലെബ്രോണ്‍ ജെയിംസ്, എര്‍ലിങ് ഹാലണ്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാക്‌സ് വേഴ്‌സ്റ്റപ്പന്‍ എന്നിവരടക്കം 16 താരങ്ങളാണ് പ്യൂബിറ്റി അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനായി മത്സരരംഗത്തുണ്ടായിരുന്നത്.

ഡിസംബര്‍ 31നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. അവസാന റൗണ്ടില്‍ വിരാട് കോഹ്ലിയും ലയണല്‍ മെസിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിരാടിന് മെസിയേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 78 ശതമാനം വോട്ടുകളും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മേജര്‍ കിരീട നേട്ടങ്ങളൊന്നും തന്റെ പേരില്‍ കുറിക്കാന്‍ സാധിച്ചില്ലെങ്കിലും വ്യക്തിഗത തലത്തില്‍ ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചിരുന്നു. 2023 ലോകകപ്പിലാണ് വിരാട് പല നേട്ടങ്ങളും തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.

ഏകദിന ഫോര്‍മാറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം, ഏക താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. 49 സെഞ്ച്വറി നേടി പട്ടികയില്‍ ഒന്നാമനായി നിന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നാണ് വിരാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഇതിന് പുറമെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും വിരാട് തന്റെ പേരിലേക്ക് മാറ്റിയെഴുതിയിരുന്നു. 2003ല്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡാണ് വിരാട് പഴങ്കഥയാക്കിയത്.

2023 കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടുന്ന രണ്ടാമത് താരം എന്ന നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. 24 ഇന്നിങ്‌സില്‍ നിന്നും 72.47 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1,377 റണ്‍സാണ് വിരാട് നേടിയത്. ആറ് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമാണ് വിരാട് നേടിയത്. ഈ വര്‍ഷം ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരവും ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരവും വിരാട് തന്നെ.

2023ല്‍ 2,048 റണ്‍സാണ് വിരാട് നേടിയത്. (എകദിനം+ടെസ്റ്റ്+ടി-20). ഇതോടെ മറ്റൊരു റെക്കോഡും വിരാട് നേടിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ 2000+ റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് വിരാട് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

ഏഴ് തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. മുമ്പ് ആറ് തവണ ഈ റെക്കോഡിട്ട കുമാര്‍ സംഗക്കാരയെ മറികടന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.

നേരത്തെ ടൈം അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മെസി സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത് മാത്രം അത്‌ലീറ്റാണ് ലയണല്‍ മെസി. 2019ല്‍ ടൈംസ് മാഗസിന്‍ ആരംഭിച്ച പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോള്‍ താരവും മെസി തന്നെയായിരുന്നു.

2019ലെ ഫിഫ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. ശേഷം 2020ല്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ്, 2021ല്‍ അമേരിക്കന്‍ ജിംനാസ്റ്റായ സൈമണ്‍ ബില്‍സ്, 2022ല്‍ ബേസ്‌ബോള്‍ താരം ആരോണ്‍ ജഡ്ജും ഈ പുരസ്‌കാരം നേടിയിരുന്നു.

എര്‍ലിങ് ഹാലണ്ട്, ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച് എന്നിവരെ മറികടന്നാണ് മെസി ടൈംസ് അത്‌ലീറ്റ് ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Virat Kohli wins Pubity Athlete Of The Year Award

We use cookies to give you the best possible experience. Learn more