| Tuesday, 8th November 2022, 8:29 am

'ഇതൊക്കെ യെന്ത്'; സൂപ്പര്‍താരങ്ങളെ വീണ്ടും തറപറ്റിച്ച് കോഹ്‌ലി; ഇത്തവണ സ്വന്തമാക്കിയത് കിടിലന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഫോം ഔട്ടായെന്ന പഴികള്‍ക്കും, സെഞ്ച്വറിയടിച്ചിട്ട് വര്‍ഷങ്ങളായല്ലോ എന്ന വിമര്‍ശനങ്ങള്‍ക്കും, ക്യാപ്റ്റന്‍സി നഷ്ടത്തിനുമെല്ലാം ശേഷം തിരിച്ചുവരവുമായി ഞെട്ടിക്കുകയാണ് വിരാട് കോഹ്‌ലി. അന്നും ഇന്നും റെക്കോഡുകള്‍ കോഹ്‌ലിയുടെ സന്തത സഹചാരിയായിരുന്നു.

ഐ.സി.സിയുടെ അവാര്‍ഡുകള്‍ പലപ്പോഴും പല രൂപത്തില്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായ ഗംഭീര പ്രകടനകള്‍ക്കും റണ്‍ നേട്ടങ്ങള്‍ക്കും പിന്നാലെ മറ്റൊരു പ്രശംസാപട്ടം കൂടി കിങ് കോഹ് ലിയെ തേടിയെത്തിയിരിക്കുകയാണ്.

ഐ.സി.സിയുടെ പുരുഷ വിഭാഗത്തിലെ ‘പ്ലെയര്‍ ഓഫ് ദ മന്ത്’ ആയാണ് കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ടി-20 ലോകകപ്പിലെ ഓരോ മത്സരത്തിലും പുറത്തെടുത്ത മികച്ച പെര്‍ഫോമന്‍സാണ് കോഹ്‌ലിയെ നേട്ടത്തിന് അര്‍ഹനാക്കിയത്.

പാകിസ്ഥാന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ നിദ ധര്‍ ആണ് വനിതാ വിഭാഗത്തിലെ ഒക്ടോബര്‍ മാസത്തിലെ താരം. ഏഷ്യാ കപ്പിലെ മിന്നും പ്രകടനമാണ് നിദ ധറിനെ താരമാക്കിയത്.

സിംബാബ്‌വേയുടെ സിക്കന്ദര്‍ റാസയും സൗത്ത് ആഫ്രിക്കയുടെ ഡേവിഡ് മില്ലറുമായിരുന്നു മത്സരത്തില്‍ കോഹ്‌ലിയോട് പൊരുതിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളിലെ ക്രിക്കറ്റ് ലോകത്തെ കയ്യിലെടുത്ത പ്രകടനങ്ങളിലൂടെ കോഹ്‌ലി തന്നെ ആ സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

പാകിസ്ഥാനെതിരെ തോല്‍വിയുടെ വക്കിലെത്തിയ ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയ ഇന്നിങ്‌സാണ് ഐ.സി.സി ഇക്കൂട്ടത്തില്‍ എടുത്ത് പറയുന്നത്. 31/4 എന്ന നിലയില്‍ വിറച്ചുനിന്ന ഇന്ത്യന്‍ ടീമിനെ 53 പന്തില്‍ നിന്നും 82 റണ്‍സ് അടിച്ചെടുത്താണ് കോഹ്‌ലി വിജയക്കരയിലേക്ക് അടുപ്പിച്ചത്.

തന്റെ ടി-20 കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുങ്ങളിലൊന്നെന്നാണ് കോഹ്‌ലിയും ഈ മാച്ചിനെ വിശേഷിപ്പിച്ചിരുന്നത്.

ഒക്ടോബര്‍ മാസത്തില്‍ കോഹ്‌ലി നേടിയ റെക്കോഡുകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചത് റണ്‍വേട്ടയില്‍ നേടിയ ഒന്നാം സ്ഥാനം തന്നെയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തം കൈപ്പിടിയിലൊതുക്കിയത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു കുട്ടി ക്രിക്കറ്റിന്റെ നെറുകയിലേക്ക് കോഹ് ലി ഓടിക്കയറിയത്. നിലവില്‍ 1033 റണ്‍സാണ് കോഹ്‌ലി തന്റെ ടി-20 ലോകകപ്പ് കരിയറില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. 25 മത്സരത്തിലെ 23 ഇന്നിങ്‌സില്‍ നിന്നുമാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു കോഹ്‌ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. മഹേല ജയവര്‍ധനെ 31 ഇന്നിങ്‌സില്‍ നിന്നും നേടിയ 1016 എന്ന സ്‌കോറാണ് കോഹ്‌ലി മറികടന്നത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ക്രിസ് ഗെയ്ല്‍(965), ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ(921) എന്നിവരാണ് റണ്‍വേട്ടയില്‍ മൂന്നും നാലും സ്ഥാനത്തുള്ളവര്‍.

Content Highlight: Virat Kohli wins ICC Men’s Player of the Month Award

We use cookies to give you the best possible experience. Learn more