| Monday, 10th June 2019, 10:42 am

കൂവി വിളിക്കരുതേ, പകരം കയ്യടിക്കൂ; ആരാധകരോട് കോഹ്‌ലി: ഹൃദയം തൊട്ട് സ്മിത്തിന്റെ ഷേക്ക് ഹാന്റ് - വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സ്മിത്തിന് നേരെ കൂവി വിളിച്ച ഇന്ത്യന്‍ ആരാധകരെ തടഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ ദിവസം ഓവലില്‍ വെച്ച് നടന്ന ഇന്ത്യ ഓസീസ് പോരാട്ടത്തിനിടെയാണ് സ്മിത്തിന് നേരെ കൂവി വിളിച്ച ആരാധകരോട് കോഹ്‌ലി കൂവി വിളിക്ക് പകരം കയ്യടിക്കാന്‍ ആവശ്യപ്പെട്ടത്.

ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ ഒരുകൂട്ടം കാണികള്‍ തുടര്‍ച്ചയായി കൂവിവിളിച്ചുകൊണ്ടിരുന്നു. ക്രീസിലുണ്ടായിരുന്നത് ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോഹ്‌ലി. കോഹ്‌ലി കാണികള്‍ക്ക് നേരെ കൈവീശിക്കൊണ്ട് കയ്യടിക്കാനാവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ താരത്തിന് നേരെ കൂവുന്നതിനു പകരം സ്വന്തം ഹെല്‍മറ്റിലേക്ക് ചൂണ്ടി സ്വന്തം ടീമിനെ സപ്പോര്‍ട്ട് ചെയ്യാനും.

ഇതോടെ ഇന്ത്യന്‍ ആരാധകര്‍ തങ്ങളുടെ കളിയാക്കലും നിര്‍ത്തി. സംഭവത്തിന് പിന്നാലെ കോഹ്ലിക്കരികിലെത്തിയ സ്മിത്താകട്ടെ ഇന്ത്യന്‍ നായകന് ഷേക്ക് ഹാന്‍ഡ് നല്‍കി. സ്മിത്തിനെ കണ്ട കോഹ്‌ലി കാണികളുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ക്ഷമാപണവും നടത്തി.

ലോകകപ്പിന്റെ എല്‍ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യ ഓസീസ് പോരാട്ടം ഇന്നലെ ശ്രദ്ധപിടിച്ച് പറ്റിയത് കോഹ്‌ലിയുടെ ഈ ഇടപെടല്‍ കൊണ്ട് കൂടിയാണ്. തുടക്കത്തില്‍ പാളിയ ബൗളിങ് നിര നിര്‍ണ്ണായകസമയത്ത് പ്രതീക്ഷ കാത്തപ്പോള്‍ വിരാട് കോഹ്ലിയും സംഘവും ഓസ്ട്രേലിയക്കെതിരേ 36 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.

കോഹ്‌ലിയുടെ ഇടപെടലിന് ലോകക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കയ്യടിച്ചു, സോഷ്യല്‍ മീഡിയയിലും പുറത്തും കോഹ്‌ലിയുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപിനെ കുറിച്ച് വാഴ്ത്തി. കോഹ്‌ലിയുടെതാണ് യഥാര്‍ത്ഥ ക്രിക്കറ്റ് മാതൃകയാണെന്നും ഇന്നലെ ചെയ്തത് അതുകൊണ്ടുതന്നെ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണെന്നുമാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞത്.

സംഭവത്തെ കുറിച്ച് കോഹ്‌ലി പറഞ്ഞത്. ‘അയാള്‍ ക്രിക്കറ്റ് കളിക്കുകയേ ചെയ്തുള്ളൂ. എന്റെ അഭിപ്രായത്തില്‍ കൂവേണ്ടതായൊന്നും അയാള്‍ ചെയ്തിരുന്നില്ല’ എന്നായിരുന്നു.

ശിഖാര്‍ ധവാന്റെ സെഞ്ചുറിയും കോഹ്ലിയുടെ അര്‍ധസെഞ്ചുറിയും അടക്കം ഇന്ത്യന്‍ ബാറ്റിങ് നിര സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓസീസിനു മുന്നില്‍ 353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണു മുന്നോട്ടുവെച്ചത്.

We use cookies to give you the best possible experience. Learn more