| Wednesday, 24th August 2022, 5:15 pm

കളികള്‍ മാറ്റിപിടിക്കാന്‍ വിരാട് കോഹ്‌ലി; ഏഷ്യാ കപ്പിലെത്തുന്നത് പുത്തന്‍ ബാറ്റുമായി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ഏതൊരും ബൗളറെയും വിറപ്പിക്കാന്‍ സാധിക്കുന്ന ടാലന്റും അതിനൊത്ത ആറ്റിറ്റിയൂഡും വിരാടിന്റെ പ്രത്യേകതയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന് നല്ല കാലമല്ല.

സെഞ്ച്വറി മെഷീന്‍ എന്നറിയപ്പെടുന്ന വിരാട് ഒരു സെഞ്ച്വറിയടിച്ചിട്ട് മൂന്ന് വര്‍ഷമായി. നിലവില്‍ ഫോം വീണ്ടെടുക്കാനായി ക്രിക്കറ്റില്‍ നിന്നും വിശ്രമമെടുത്തിരിക്കുന്ന ഏഷ്യാ കപ്പില്‍ തിരിച്ചുവരാനുള്ള പുറപ്പാടിലാണ്. തന്റെ പഴയ ഫോം വീണ്ടെടുത്താല്‍ മാത്രമെ വിരാടിനും ടീം ഇന്ത്യക്കും ഗുണമുള്ളൂ.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം റൈവല്‍സായ പാകിസ്ഥാനെതിരെയാണ്. പാകിസ്ഥാനെതിരെ മികച്ച റെക്കോഡുള്ള വിരാടിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നതാണ്. ഇപ്പോഴിതാ മത്സരത്തിനെത്തുന്നത് മുമ്പ് ഫോമിലേക്ക് തിരിച്ചെത്താനുള്ള പുതിയ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

പുതിയ ബാറ്റുമായിട്ടായിരിക്കും അദ്ദേഹം ഏഷ്യാ കപ്പിനുള്ള ആദ്യ മത്സരത്തിനെത്തുക. എം.ആര്‍.എഫാണ് നിലവില്‍ വിരാടിന്റെ ബാറ്റിന്റെ സ്‌പോണ്‍സേഴ്‌സ്.

നിലവില്‍ ഇംഗ്ലീഷ് വില്ലോ ഉപയോഗിച്ചുള്ള എം.ആര്‍.എഫ് ജീനിയസ് ബാറ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്, എന്നാല്‍ ഏഷ്യാ കപ്പിനായി അദ്ദേഹം പ്രത്യേക ഗോള്‍ഡ് വിസാര്‍ഡ് നിലവാരമുള്ള ലിമിറ്റഡ് ബാറ്റാണ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. ആഡംബര പൂര്‍ണമായ ഇംഗ്ലീഷ് വില്ലോ തടികൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 22,000 രൂപ വിലവരുന്ന ബാറ്റാണിത്.

മറ്റ് ബാറ്റര്‍മാരെ പോലെ വിരാടും തന്റെ ബാറ്റുകളുടെ കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നയാളാണ്. എട്ട് ഗ്രെയിന്‍ വില്ലോ ബാറ്റാണ് അദ്ദേഹം ഉപയോഗിച്ച് വന്നത്. ബാറ്റില്‍ കൂടുതല്‍ ഗ്രയിന്‍സ് കൂടുന്തോറും അത് ബാറ്റിന്റെ നിലവാരം ഉയര്‍ത്തും. പ്രീമിയം ബാറ്റുകള്‍ക്ക് സാധാരണയായി 6-12 ഗ്രെയിന്‍സുണ്ടാകും. അതേസമയം, ഏഷ്യാ കപ്പിനുള്ള അദ്ദേഹത്തിന്റെ പുതിയ ‘മാന്ത്രിക’ ബാറ്റ് ടോപ്പ് ഗ്രേഡ് എ വില്ലോയുടേതായിരിക്കും.

ഏഷ്യാ കപ്പിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിനായി ആരാധകരും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിനായി ഒരുങ്ങുന്ന ടീമില്‍ പ്രധാന ഘടകമാകാന്‍ അദ്ദേഹത്തിന് സാധിക്കണമെങ്കില്‍ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

Content Highlight: Virat Kohli will use new Bat for Asia Cup

We use cookies to give you the best possible experience. Learn more