Sports News
ഇന്ത്യ ഇനി ഡബിള്‍ സ്‌ട്രോങ്, പക്ഷെ അയ്യരിന്റെ കാര്യത്തില്‍ തീരുമാനമാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 07, 04:44 am
Friday, 7th February 2025, 10:14 am

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 68 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 1-0ന് പരമ്പരയില്‍ മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പുറത്തായിരുന്നു. താരത്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റതായി ആദ്യ മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം തിരിച്ച് വരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വിരാട് കളത്തിലിറങ്ങിയാല്‍ പണി കിട്ടാന്‍ പോകുന്നത് ശ്രേയസ് അയ്യര്‍ക്കാണ്.

ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് താരം ജേക്കബ് ബേഥലിന്റെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയത്.

വിരാട് തിരിച്ചുവരുമെന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും പറഞ്ഞിരുന്നു.

‘രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിരാട് കോഹ്‌ലിയുടെ കാല്‍മുട്ടില്‍ ചെറിയൊരു വീക്കം ഉണ്ടായിരുന്നു. ഇന്നലത്തെ പരിശീലന സെക്ഷന്‍ വരെ അദ്ദേഹത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ പേടിക്കേണ്ട കാര്യമില്ല. അടുത്ത മത്സരത്തിന് അദ്ദേഹം തീര്‍ച്ചയായും ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തും,’ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ വിരാടിന്റെ അഭാവം മൂലമാണ് അയ്യര്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ആരാധകരെയടക്കം നിരാശപ്പെടുത്തിയാണ് പുറത്തായത്. ഏഴ് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്.

സീനിയര്‍ താരങ്ങളായ രോഹിത്തും വിരാട് ഫോമിന്റെ പേരില്‍ പുറകോട്ട് പോകുമ്പോള്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം പിടിക്കുമോ അതോ പുറത്താകുമോ എന്ന് കണ്ടറിയേണം.

Content Highlight: Virat Kohli Will Play Second ODI Against England, Report