| Thursday, 7th December 2023, 4:47 pm

സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് കഴിയില്ല: ബ്രയാന്‍ ലാറ

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ച്വറിയുടെ ഐതിഹാസിക റെക്കോഡ് വിരാട് കോഹ്‌ലി മറികടന്നിരുന്നു. ഇത് കോഹ്‌ലിയുടെ ക്രിക്കറ്റ് കരിയരിലെ ചരിത്രനേട്ടമായിരുന്നു. 2023 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് കോഹ്‌ലി ചരിത്രനേട്ടത്തിലെത്തിയത്.

എന്നാല്‍ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയുടെ റെക്കോഡ് മറികടക്കുന്നത് കോഹ്‌ലിക്ക് വലിയ വെല്ലുവിളിയാണെന്ന് പറയുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. നിലവില്‍ 35കാരനായ കോഹ്‌ലിക്ക് 80 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ഉള്ളത്. വിരാടിന്റെ ആരാധകനായിട്ടുപോലും സച്ചിന്റെ റെക്കോഡ് മറികടക്കുന്നതില്‍ ലാറ വിശ്വാസം കാണിക്കുന്നില്ല.

‘കോഹ്‌ലിക്ക് ഇപ്പോള്‍ എത്ര വയസ്സായി? 35 അല്ലെ! അവന് ഇപ്പോള്‍ 80 സെഞ്ച്വറി ഉണ്ട്, ഇനി 20 എണ്ണം വേണം. എല്ലാ വര്‍ഷവും അഞ്ച് സെഞ്ച്വറി നേടിയാല്‍ സച്ചിനൊപ്പമെത്താന്‍ നാല് വര്‍ഷമെടുക്കും. അപ്പോള്‍ അവന് 39 വയസ്സാകും. ഇത് വളരെ കഠിനകരമാകും,’ ലാറ ആനന്ദബസാര്‍ പത്രികയോട് പറഞ്ഞു.

ക്രിക്കറ്റ് വീക്ഷണത്തില്‍ വിരാട് സച്ചിന്റെ റെക്കോഡ് മറികടക്കുമെന്ന് പറയുന്നവര്‍ ലോജിക്കലി ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സച്ചിന്റെ 100 സെഞ്ച്വറി കോഹ്‌ലി തകര്‍ക്കുമെന്ന് പറയുന്നവര്‍ ക്രിക്കറ്റ് ലോജിക്ക് കണക്കിലെടുക്കുന്നില്ല. 20 സെഞ്ച്വറി അകലെയാണ് വിരാട്, അത് വളരെ അകലെ തന്നെയാണ്. മിക്ക ക്രിക്കറ്റ് താരങ്ങള്‍ക്കും അത് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല. പ്രായം ആര്‍ക്കുവേണ്ടിയും നില്‍ക്കില്ല. കോഹ്‌ലി ഇനിയും നിരവധി റെക്കോഡുകള്‍ തകര്‍ക്കും. എന്നാല്‍ സച്ചിനെ മറികടക്കുന്നത് ബുദ്ധിമുട്ടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ലോകകപ്പില്‍ ഇന്ത്യ മികച്ച പടയോട്ടമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിയച്ചിട്ടും ഫൈനലില്‍ ഓസീസിനോട് പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ വിരാടായിരുന്നു.11 മത്സരങ്ങളില്‍ നിന്നും 95.62 ആവറേജില്‍ കോഹ്‌ലി 765 റണ്‍സാണ് നേടിയത്.

Content Highlight: Virat Kohli will not be able to beat Sachin Tendulkar’s record

We use cookies to give you the best possible experience. Learn more