icc world cup
ആദ്യ പന്തെറിയും മുമ്പ് വിരാടിന് പിണഞ്ഞത് ഹിമാലയന്‍ അബദ്ധം; തിരിച്ചറിഞ്ഞത് ഒന്നാം ഓവറിന് ശേഷം
ഐ.സി.സി ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന് മുമ്പ് വിരാട് കോഹ്‌ലിക്ക് പിണഞ്ഞ അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തിനായി താരം ധരിച്ച ജേഴ്‌സി മാറിപ്പോയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ട്രൈകളര്‍ സ്‌ട്രൈപ് ജേഴ്‌സിക്ക് പകരം ഏകദിനത്തില്‍ ഉപയോഗിക്കുന്ന വെളുത്ത സ്‌ട്രൈപ്‌സുള്ള ജേഴ്‌സി ധരിച്ചാണ് വിരാട് കളത്തിലിറങ്ങിയത്.
എന്നാല്‍ മത്സരം തുടങ്ങിയപ്പോഴും വിരാട് ഇത് തിരിച്ചറിഞ്ഞിരുന്നില്ല. തെറ്റായ ജേഴ്‌സി ധരിച്ചാണ് വിരാട് ആദ്യ ഓവര്‍ ഫീല്‍ഡ് ചെയ്തത്. അബദ്ധം മനസിലാക്കിയതോടെ താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും ട്രൈകളര്‍ സ്‌ട്രൈപ്‌സുള്ള ജേഴ്‌സി ധരിച്ച് മടങ്ങിയെത്തുകയുമായിരുന്നു.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും പാക് പടയുടെ മധ്യനിരക്ക് ആ അഡ്വാന്റേജ് കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ല.
24 പന്തില്‍ 20 റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ അബ്ദുള്ള ഷഫീഖിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പാകിസ്ഥാന്റെ ഭാവി താരം പുറത്തായത്.
ടീം സ്‌കോര്‍ 73ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി ഇമാം ഉള്‍ ഹഖും പുറത്തായി. 36 പന്തില്‍ 38 റണ്‍സടിച്ചാണ് ഇമാമിന്റെ മടക്കം.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക് സ്‌കോറിങ്ങിന് അടിത്തറയിട്ടു. 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ബാബറിനെ പുറത്താക്കി ഹസന്‍ അലിയാണ് ഈ നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്.
58 പന്തില്‍ 50 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്. ഈ ലോകകപ്പിലെ ബാബറിന്റെ ആദ്യ അര്‍ധ സെഞ്ച്വറി പ്രകടനമാണിത്.
ബാബര്‍ പുറത്തായതോടെ പാക് പട നിന്ന് പരുങ്ങി. 155ന് മൂന്ന് എന്ന നിലയില്‍ നിന്നും 191ന് ഓള്‍ ഔട്ടായാണ് പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 69 പന്തില്‍ 49 റണ്‍സ് നേടിയ റിസ്വാനാണ് പാക് നിരയിലെ രണ്ടാം മികച്ച സ്‌കോറര്‍.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
192 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 11 പന്തില്‍ 16 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഷഹീന്‍ ഷാ അഫ്രിദിയുടെ പന്തില്‍ ഷദാബ് ഖാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 54 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 19 പന്തില്‍ 23 റണ്‍സുമായി രോഹിത് ശര്‍മയും 12 പന്തില്‍ 13 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
Content Highlight: Virat Kohli wears wrong jersey on India vs Pakistan match