ഒന്നല്ല, അതും രണ്ട് തവണ; തിരിച്ചുവരവ് ആഗ്രഹിക്കുന്ന വിരാടിനോട് നിങ്ങളത് ചെയ്‌തെങ്കില്‍ ഇതില്‍പ്പരം അബദ്ധം മറ്റൊന്നില്ല
Sports News
ഒന്നല്ല, അതും രണ്ട് തവണ; തിരിച്ചുവരവ് ആഗ്രഹിക്കുന്ന വിരാടിനോട് നിങ്ങളത് ചെയ്‌തെങ്കില്‍ ഇതില്‍പ്പരം അബദ്ധം മറ്റൊന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th December 2022, 3:13 pm

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരം ZAC സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകണ്ടിരിക്കുകയണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് സീരീസ് അടിയറ വെച്ച ഇന്ത്യക്ക് മുഖം രക്ഷിക്കാനെങ്കിലും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

വെറും മൂന്ന് റണ്‍സ് മാത്രം നേടിയ ശിഖര്‍ ധവാനെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായപ്പോള്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശ് നായകന്‍ ലിട്ടണ്‍ ദാസിന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് ബംഗ്ലാ ആരാധകര്‍ ധരിച്ചത്.

എന്നാല്‍ ഓപ്പണര്‍ ഇഷാന്‍ കിഷനും വണ്‍ ഡൗണായിറങ്ങിയ വിരാട് കോഹ്‌ലിയും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് അടിപതറുകയായിരുന്നു.

ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും സെഞ്ച്വറി തികച്ച വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 131 പന്തില്‍ നിന്നും 24 ബൗണ്ടറിയുടെയും പത്ത് സിക്‌സറിന്റെയും അകമ്പടിയോടെയാണ് കിഷന്‍ റണ്ണടിച്ചുകൂട്ടിയത്.

 

160.31 എന്ന സ്‌ട്രൈക്ക് റേറ്റിലായരുന്നു ഇഷാന്റെ വെടിക്കെട്ട്.

മൂന്നാമനായി കളത്തിലെത്തിയ വിരാട് കോഹ്‌ലിയും ഒട്ടും നിരാശപ്പെടുത്തിയില്ല. തന്റെ കരിയറിലെ 72ാം സെഞ്ച്വറി നേടിയാണ് വിരാട് കരുത്ത് കാട്ടിയത്.

മത്സരത്തില്‍ രണ്ട് തവണയണ് കോഹ്‌ലിക്ക് ലൈഫ് ലഭിച്ചത്. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ മെഹിദി ഹസനെതിരെ ഫ്‌ളിക്കിന് ശ്രമിച്ച വിരാടിന് പിഴക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് നായകന്‍ ലിട്ടണ്‍ ദാസിന് വിരാടിനെ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചിരുന്നില്ല.

വിരാടിന്റെ വ്യക്തിഗത സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെയായിരുന്നു ലിട്ടണ്‍ ദാസ് വിരാടിനെ കൈവിട്ടത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാടിനെ ഒരു തകര്‍പ്പന്‍ ആക്രോബാക്ടിക് ക്യാച്ചിലൂടെ പുറത്താക്കിയ അതേ ലിട്ടണ്‍ ദാസ് തന്നെയായിരുന്നു മൂന്നാം മത്സരത്തില്‍ വിരാടിന്റെ സിംപള്‍ ക്യാച്ച് മിസ് ചെയ്തത്.

മത്സരത്തിലെ 19ം ഓവറിലും ലിട്ടണ്‍ ദാസ് വിരാടിന്റെ ക്യാച്ച് മിസ്സാക്കിയിരുന്നു. രണ്ട് തവണ ലൈഫ് ലഭിച്ച വിരാട് കിട്ടിയ അവസരം കൃത്യമായി മുതലാക്കുകയും കരിയറിലെ 72ാം സെഞ്ച്വറി കുറിക്കുകയും ചെയ്തു.

ഒടുവില്‍ 91 പന്തില്‍ നിന്നും 113 റണ്‍സ് നേടി ഷാകിബ് അല്‍ ഹസന്റെ പന്തില്‍ മെഹിദി ഹസന് ക്യാച്ച് നല്‍കിയായിരുന്നു വിരാടിന്റെ മടക്കം. 11 ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പടെ 124.18 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാടിന്റെ പ്രകടനം.

 

അതേസമയം, ഇന്ത്യക്ക് തങ്ങളുടെ അഞ്ചാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 44 ഓവര്‍ പിന്നിടുമ്പോള്‍ 359ന് അഞ്ച് റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

 

Content Highlight: Virat Kohli was dropped twice in India vs Bangladesh 3rd ODI