ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ആരാധക പിന്തുണയുള്ള രണ്ട് ക്ലബ്ബുകളാണ് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും.
അഞ്ച് തവണ കിരീടം നേടി റെക്കൊർഡിട്ട മുംബൈ ഇന്ത്യൻസും ഇതുവരെയും തങ്ങളുടെ കന്നി കിരീടം ഉയർത്താൻ സാധിക്കാത്ത ബാംഗ്ലൂരും ഏപ്രിൽ രണ്ടിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് തങ്ങളുടെ പതിനാറാം ഐ.പി.എൽ സീസണിലെ ആദ്യ മത്സരം കളിക്കുന്നത്.
എന്നാൽ മത്സരത്തിന് മുമ്പ് ആർ.സി.ബിയുടെ ക്യാപ്റ്റനും ഇന്ത്യൻ സൂപ്പർ താരവുമായ വിരാട് തന്റെ പത്താം ക്ലാസിലെ മാർക്ക് ഷീറ്റ് പുറത്തുവിട്ടതാണ് ആരാധകർക്കിടയിലിപ്പോൾ ചർച്ചാ വിഷയം.
കണക്കിൽ താൻ പിറകോട്ടാണെന്നും എന്നാൽ കണക്കുകൂട്ടലുകൾക്ക് വളരെ പ്രാധാന്യമുള്ള ഒരു പ്രൊഫഷനാണ് താനിപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നും സൂചിപ്പിക്കുന്നതായിരുന്നു മാർക്ക് ഷീറ്റ് പങ്ക് വെച്ച് കൊണ്ടുള്ള വിരാടിന്റെ പോസ്റ്റ്.
“നിങ്ങളുടെ മാർക്ക് ഷീറ്റിൽ ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങളുടെ സ്വഭാവത്തിൽ കൂടി നിൽക്കുന്നു എന്നത് രസകരമായ കാര്യമാണ്,’ എന്നായിരുന്നു വിരാടിന്റെ പോസ്റ്റിന്റെ ക്യാപ്ഷൻ.
ഐ.പി.എല്ലിൽ മികച്ച റെക്കോഡുള്ള താരമാണ് വിരാട്. ഇതുവരേക്കും 223 മത്സരങ്ങളിൽ നിന്നും 6,624 റൺസാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും താരം സ്വന്തമാക്കിയത്. ഇതിൽ അഞ്ച് സെഞ്ച്വറികളും 44 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.
എന്നാൽ കഴിഞ്ഞ സീസണിൽ ആർ. സി.ബിക്കായി വളരെ മോശം പ്രകടനമാണ് വിരാട് കാഴ്ച വെച്ചത്.