2024ലെ ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആറ് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടിരുന്നു.
ഈ തോല്‍വിക്ക് ഒരു മോശം നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെടുന്ന താരമമെന്ന മോശം റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ 118 മത്സരങ്ങളിലാണ് കോഹ്‌ലി പരാജയപ്പെട്ടത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട താരങ്ങള്‍, പരാജയപ്പെട്ട മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
വിരാട് കോഹ്‌ലി-118
ദിനേശ് കാര്‍ത്തിക് -116
രോഹിത് ശര്‍മ-109
റോബിന്‍ ഉത്തപ്പ-106
ശിഖര്‍ ധവാന്‍-105
എം.എസ് ധോണി-103
ഡേവിഡ് വാര്‍ണര്‍-95
രവീന്ദ്ര ജഡേജ-94
ഭുവനേശ്വര്‍ കുമാര്‍-93
എ.ബി ഡിവില്ലിയേഴ്‌സ്-92
മത്സരത്തില്‍ 20 പന്തില്‍ 21 റണ്‍സ് നേടിയായിരുന്നു കോഹ്‌ലി പുറത്തായത്. ആര്‍.സി.ബിയുടെ ബാറ്റിങ്ങില്‍ അനൂജ് റാവത്ത് 25 പന്തില്‍ 48 റണ്‍സും ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സും നായകന്‍ ഫാഫ് ഡുപ്ലസിസ് 23 പന്തില്‍ 35 റണ്‍സും നേടി നിര്‍ണായക പ്രകടനം നടത്തിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടുകയായിരുന്നു.
ചെന്നൈ ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടി. വിരാട് കോഹ്‌ലി, ഫാഫ് ഡുപ്ലസിസ്, രജത് പടിതാര്‍ , കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് ബംഗ്ലാദേശ് താരം പുറത്താക്കിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും ശിവം 28 പന്തില്‍ പുറത്താവാതെ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.
മാര്‍ച്ച് 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
അതേസമയം മാര്‍ച്ച് 25ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Virat Kohli unwanted record in IPL History