| Tuesday, 30th May 2017, 12:01 pm

പരസ്പരം കൊമ്പുകോര്‍ത്ത് വിരാടും കുംബ്ലെയും; പ്രശ്‌നം പരിഹരിക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഇടപെടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ചങ്കിടിപ്പു കൂട്ടി ടീം ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകള്‍. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് തൊട്ട് മുമ്പ് ടീമില്‍ നിന്നും ഉയര്‍ന്നു വരുന്നത് പടലപിണക്കത്തിന്റെ വാര്‍ത്തകളാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ല ഉള്ളത്. ഇരുവരും തമ്മിലുള്ള ഉരസലാണ് കുംബ്ലെയുടെ യാത്രയയപ്പ് നേരത്തെയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: ‘കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം’: ബി.ബി.സിയുടെ പേരിലുള്ള വ്യാജന്‍ നടത്തുന്ന പ്രചരണം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


നായകനും പരിശീലകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ടീമിന്റെ ഉപേദഷ്ടാക്കളായ സച്ചിനേയും ഗാംഗുലിയേയും ലക്ഷ്മണനേയും ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് വാര്‍ത്ത. കുംബ്ലെയുമായി യാതൊരു തരത്തിലും യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോഹ്‌ലി ടീം അധികൃതരെ അറിയിച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും കുംബ്ലെയുടെ കരാര്‍ നീട്ടാത്തതിനു പിന്നില്‍ കോഹ്‌ലിയും മറ്റ് താരങ്ങളും സ്പിന്‍ ഇതിഹാസത്തിനു കീഴില്‍ കളിക്കാന്‍ തയ്യാറാകാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുംബ്ലെയുടെ കാര്‍ക്കശ്യം താരങ്ങള്‍ക്ക് പിടിയ്ക്കുന്നില്ലെന്നും രവിശാസ്ത്രിയുടെ ശാന്തതയാണ് താരങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്നും അതാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

പുതിയ പരിശീലകനെ തീരുമാനിരിക്കയാണെങ്കിലും പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിനേയും ഗാംഗുലിയേയും ലക്ഷ്മണിനേയും മധ്യസ്ഥതയ്ക്ക് എല്‍പ്പിച്ചിരിക്കുകയാണ്. വിഷയത്തെ കുറിച്ച് കഴിഞ്ഞ ദിവസത്തെ മത്സരശേഷം കോഹ്‌ലി ബി.സി.സി.ഐ അഡ്മിനിസ്‌ട്രോറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായിയുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരുവരും ദീര്‍ഘനേരം ഇതിനെ കുറിച്ച് സംസാരിച്ച ശേഷമാണ് വിനോദ് റായ് മധ്യസ്ഥതയ്ക്കായി ഇതിഹാസ താരങ്ങളെ സമീപിച്ചത്. ഇവരുള്‍പ്പെടുന്ന സമിതിയാണ് കോച്ചിനെ നിശ്ചയിക്കുന്നതും.


Don”t Miss: എന്റെ ജീവിതം സിനിമയായാല്‍ ഇദ്ദേഹം നായകനാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് സച്ചിന്‍


ധര്‍മ്മശാലയില്‍ നടന്ന ടെസ്റ്റിനിടെ തന്റെ അനുമതിയില്ലാതെയാണ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കുംബ്ലെ ടീമിലിറക്കിയതെന്ന് കോഹ്‌ലി പറഞ്ഞിരുന്നു. പരിക്കുമൂലം കോഹ്‌ലി മത്സരത്തിനിറങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂണിലാണ് കുംബ്ലെ ഇന്ത്യയുടെ പരിശീലകന്റെ കുപ്പായമണിയുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ടീം നിരവധി നേട്ടങ്ങള്‍ കൊയ്തിരുന്നു.

We use cookies to give you the best possible experience. Learn more