| Monday, 17th April 2023, 7:33 pm

അഗ്രഷന്‍ ഈഗോക്ക് വഴി മാറുന്നുവോ? ചിന്നസ്വാമിയില്‍ നിന്നും ഇന്‍സ്റ്റഗ്രാമിലേക്കെത്തിച്ച് വിരാടും ഗാംഗുലിയും

സ്പോര്‍ട്സ് ഡെസ്‌ക്

ഏപ്രില്‍ 15ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമിയില്‍ വെച്ച് ഹോം ടീം ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തുവിട്ടിരുന്നു. വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയും മാന്‍ ഓഫ് ദി മാച്ചും നേടിയ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ആര്‍.സി.ബി സന്ദര്‍ശകരെ തകര്‍ത്തുവിട്ടത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തേക്കാള്‍ ആരാധകര്‍ ആഘോഷമാക്കിയത് ദല്‍ഹിയുടെ മെന്ററായ സൗരവ് ഗാംഗുലിക്ക് മേല്‍ വിരാട് കോഹ്‌ലി നേടിയ വിജയമാണ്.

വിരാടിന്റെ ക്യാപ്റ്റന്‍സി വിവാദവും ഫോമൗട്ടിന്റെ സമയത്ത് ബി.സി.സി.ഐയുടെ തലപ്പത്ത് നിന്നും കൈക്കൊണ്ട തീരുമാനങ്ങളുമെല്ലാം തന്നെ ആരാധകര്‍ മറക്കാതെ മനസില്‍ സൂക്ഷിച്ചിരുന്നു. ഗാംഗുലി മെന്ററായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ സ്വന്തം തട്ടകത്തില്‍ വെച്ച് തോല്‍പിച്ച ഈ അവസരം അവര്‍ ശരിക്കും മുതലാക്കുകയും ചെയ്തിരുന്നു.

ബാറ്റിങ്ങില്‍, ക്യാപ്പിറ്റല്‍സ് ബൗളര്‍മാരെ കടന്നാക്രമിച്ച വിരാട് ഫീല്‍ഡിങ്ങിലും തരംഗമായിരുന്നു. മൂന്ന് ക്യാച്ചുകളാണ് താരം മത്സരത്തിലെടുത്തത്. ഇതിലെ മൂന്നാം ക്യാച്ചും അതിന് ശേഷമുള്ള വിരാടിന്റെ റിയാക്ഷനും ഏറെ ചര്‍ച്ചയായിരുന്നു.

ക്യാച്ചിന് പിന്നാലെ ക്യാപ്പിറ്റല്‍സ് ഡഗ് ഔട്ടില്‍ ഗാംഗുലിയിരിക്കുന്ന ഭാഗത്തേക്ക് രൂക്ഷമായി നോക്കിയ ശേഷമാണ് വിരാട് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇതിന് പുറമെ മത്സര ശേഷം വിരാട് കോഹ്‌ലിക്ക് ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ സൗരവ് ഗാംഗുലി വിസമ്മതിച്ചതും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്കും എത്തിയിരിക്കുകയാണ്. ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം വിരാട്, ഗാംഗുലിയെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ ഫോളോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഗാംഗുലി വിരാടിനെയും ഫോളോ ചെയ്യുന്നില്ല എന്നും കാണാന്‍ സാധിക്കും. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യക്കാരനാണ് വിരാട് കോഹ്‌ലി. 246 മില്യണിലധികമാണ് താരത്തിന്റെ ഫോളോവേഴ്‌സ്. ഇതില്‍ 276 പേരെയാണ് വിരാട് തിരിച്ച് ഫോളോ ചെയ്യുന്നത്. എന്നാല്‍ ദാദയെ ഇക്കൂട്ടത്തില്‍ കാണാന്‍ സാധിക്കില്ല.

മൂന്ന് മില്യണ്‍ ആരാധകര്‍ പിന്തുടരുന്ന ഗാംഗുലിയാകട്ടെ 106 പേരെ ഫോളോ ചെയ്യുന്നുണ്ട്. റാഷിദ് ഖാനെയും ശ്രേയസ് അയ്യരെയും റിഷബ് പന്തിനെയും അടക്കം പിന്തുടരുന്ന ഗാംഗുലി വിരാടിനെ ഫോളോ ചെയ്യുന്നില്ല.

Content Highlight: Virat Kohli unfollows Sourav Ganguly from Instagram, Reports

We use cookies to give you the best possible experience. Learn more