| Thursday, 8th November 2018, 8:06 am

അങ്ങനെയെങ്കില്‍ ആദ്യം രാജ്യം വിടേണ്ടത് കോഹ്‌ലിയാണ്; വിദ്വേഷ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആരാധകനോട് പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ “പാക്കിസ്ഥാനിലേക്കൂ പോകൂ” എന്ന് പറയുന്നതിന്റെ മറ്റൊരു രൂപം തന്നെയാണ് ഇന്ത്യന്‍ നായകനും പ്രകടിപ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് വ്യക്തമാക്കിയ ആരാധകനോട്, അങ്ങനെയെങ്കില്‍ രാജ്യം വിടണമെന്ന അങ്ങേയറ്റത്തെ വിദ്വേഷ പരാമര്‍ശമാണ് കോഹ്‌ലി നടത്തിയത്.

ഇന്ത്യന്‍ ടെന്നീസ് താരങ്ങളേക്കാള്‍ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്ന കോഹ്‌ലി അങ്ങനെയെങ്കില്‍ ഇന്ത്യ വിട്ടുപോകേണ്ടേ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങള്‍ പാകിസ്താനിലേക്ക് പോകൂ എന്നു പറയുന്ന പോലെയാണ് കോഹ്‌ലിയും സംസാരിക്കുന്നതെന്നായിരുന്നു മറ്റൊരു കമന്റ്.


Read Also : നാടുകടത്തല്‍ പ്രയോഗം ഏറ്റുപിടിച്ച് കോഹ്‌ലിയും; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിടൂവെന്ന് ആരാധകനോട് കോഹ്‌ലി (വീഡിയോ)


ടെന്നിസില്‍ ഇന്ത്യക്കാരായ യൂകി ഭാംബ്രി, സാകേത് എന്നിവരേക്കാള്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ റോജര്‍ ഫെഡററെ ആരാധിക്കുന്ന കോഹ്‌ലിയാണ് ആദ്യം രാജ്യം വിടേണ്ടതെന്നും കോഹ്‌ലിയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയോ ചോദിക്കുന്നു.

ഇന്ത്യക്കാരല്ലാത്ത ആരാധകരോട് അവരുടെ രാജ്യം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാനാണോ കൊഹ്‌ലി ആവശ്യപ്പെടുന്നതെന്നാണ് ട്വിറ്ററില്‍ ഒരാള്‍ ചോദിക്കുന്നത്. ആരുടെ ആരാധകനായാലും ഒരു ഇന്ത്യന്‍ പൗരനോട് രാജ്യം വിടാന്‍ പറയാന്‍ താന്‍ ആരാണെന്ന് മറ്റൊരാള്‍ വിരാടിനോട് ചോദിക്കുന്നു. ഏതു കളിക്കാരനെ ഇഷ്ടപ്പെടണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഈ ജനാധിപത്യ രാജ്യത്തുണ്ട്. മറ്റു രാജ്യക്കാരെ വെറുക്കണമെന്നാണോ താങ്കള്‍ പറയുന്നത് ? മറ്റൊരു ക്രിക്കറ്റ് പ്രേമി ചോദിക്കുന്നു.

“നിങ്ങള്‍ക്ക് ദല്‍ഹി സ്വദേശിയായ ഒരാളെ ദല്‍ഹിയില്‍നിന്ന് മാറ്റാനാകും. എന്നാല്‍, ദല്‍ഹി സ്വദേശിയില്‍നിന്ന് ദല്‍ഹി എടുത്തു മാറ്റാനാകില്ല”. “ഞാനിതാ എന്റെ മുന്‍ഗണന നിശ്ചയിക്കുന്നു. ക്രിക്കറ്റ് വെറുക്കുന്നതിനാല്‍ ഞാന്‍ അമേരിക്കയിലേക്കു പോകുന്നു”. എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.

താരത്തെ കണക്കിന് പരിഹസിച്ച് കൊണ്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരല്ലാത്ത താരങ്ങളുടെ പേരെഴുതി, ഞങ്ങളുടെ ഇഷ്ടതാരങ്ങള്‍ ഇവരാണെന്ന് പ്രഖ്യാപിച്ച് കൊണ്ടും നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

“ഇഷ്ടപ്പെട്ട ബൗളര്‍ – ഓസ്ട്രേലിയക്കാരന്‍ ഗ്ലെന്‍ മക്ഗ്രാത്ത് , വഖാര്‍ യൂനിസ്, ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍ – ടെസ്റ്റ് ക്രിക്കറ്റാണ് ഇഷ്ടപ്പെട്ട ഫോര്‍മാറ്റ് , കരീബിയന്‍ താരം ബ്രയാന്‍ ലാറക്കു ശേഷമേ മറ്റുള്ളവര്‍ മനസ്സില്‍ വരുന്നുള്ളൂ. ഓള്‍റൗണ്ടര്‍ – ജാക്വസ് കാലിസ്. ഇതിനും ഇന്ത്യ വിട്ടു പോകണോ. വണ്‍ ടിക്കറ്റ് പ്ലീസ്”.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍നിന്ന് അവധിയെടുത്ത് വിശ്രമിക്കുന്ന കോഹ്‌ലി, തന്റെ പേരിലുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണാര്‍ഥം പുറത്തിറക്കിയ വിഡിയോയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. കോഹ്‌ലിയുടെ 30ാം ജന്‍മദിനത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് “വിരാട് കോഹ്‌ലി മൊബൈല്‍ ആപ്” പുറത്തിറക്കിയത്.

വിഡിയോയില്‍ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഭാഗത്താണ് കോഹ്‌ലി, വിദേശകളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ രാജ്യം വിടണമെന്ന പരാമര്‍ശം നടത്തിയത്. “ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങളെ സ്‌നേഹിക്കുന്നവര്‍ ഈ രാജ്യത്തു തുടരരുത്. മറ്റു രാജ്യങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരുടെ മുന്‍ഗണനകള്‍ നിശ്ചയിക്കട്ടെ” എന്നും കോഹ്‌ലി പ്രതികരിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

കോഹ്ലിയുടെ ബാറ്റിംഗിന് പ്രത്യേകതയില്ലെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ താന്‍ ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗാണ് ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റ്.

“നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്‌നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ഇതായിരുന്നു കോഹ്ലിയുടെ മറുപടി.

We use cookies to give you the best possible experience. Learn more